പഞ്ചാബ് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം കഴിഞ്ഞു; അടുത്ത മുഖ്യമന്ത്രിയെ സോണിയാ ഗാന്ധി നിര്‍ദേശിക്കും

Update: 2021-09-18 14:54 GMT

ചണ്ഡീഗഢ്: പഞ്ചാബ് നിയമസഭയിലെ 80 എംഎല്‍എമാരില്‍ 78 പേര്‍ ഇന്ന് യോഗം ചേര്‍ന്നു. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ ഒഴിവില്‍ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ സോണിയാഗാന്ധിയെ യോഗം ചുമതലപ്പെടുത്തി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് യോഗം വിളിച്ചത്. പഞ്ചാബ് കോണ്‍ഗ്രസ് ഭവനിലായിരുന്നു യോഗം.

യോഗത്തില്‍ പഞ്ചാബിന്റെ ചുമതലയുള്ള ഹരിഷ് റാവത്ത് പങ്കെടുത്തിരുന്നു. പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള അധികാരം സോണിയാഗാന്ധിയ്ക്ക് വിട്ടുകൊണ്ടുള്ള ഒറ്റവരിപ്രമേയം ഐകകണ്‌ഠ്യേനയാണ് പാസ്സാക്കിയത്.

ബ്രഹാം മോഹിന്ദ്രയാണ് പ്രമേയം മുന്നോട്ട് വച്ചത്. ദലിത് എംഎല്‍എ രാജ് കുമാര്‍ വെര്‍ക പിന്താങ്ങി.

പ്രമേയം സോണിയാന്ധിക്ക് ഇ മെയില്‍ വഴി അയച്ചതായി റാവത്ത് പറഞ്ഞു. അദ്ദേഹത്തോടൊപ്പം അജയ് മക്കാനും ചണ്ഡീഗഢിലെത്തിയിരുന്നു. നവ്‌ജ്യോത് സിങ് സിദ്ദുവിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഉയര്‍ത്തുന്നതിന്റെ ഭാഗമായിരുന്നു അദ്ദേഹത്തിന്റെ വരവെന്നാണ് നിഗമനം.

പഞ്ചാബ് കോണ്‍ഗ്രസ് മേധാവി സുനില്‍ ജഖാര്‍, മന്ത്രി സുഖ്ജിന്ദര്‍ സിങ് എന്നിവര്‍ക്കാണ് സാധ്യത കല്‍പ്പിക്കുന്നത്. 

അടുത്തവര്‍ഷം ആദ്യം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പഞ്ചാബില്‍ മുഖ്യമന്ത്രി രാജിവച്ചത്. അമരീന്ദര്‍ സിങ്ങിന്റെയും നവജ്യോത് സിങ് സിദ്ദുവിന്റെയും നേതൃത്വത്തില്‍ ഏറെനാളായി നടക്കുന്ന അധികാര വടംവലിയാണ് അമരീന്ദറിന്റെ രാജിയില്‍ കലാശിച്ചത്. 117 അംഗ പഞ്ചാബ് നിയമസഭയില്‍ 40 കോണ്‍ഗ്രസ് എംഎല്‍എമാര്‍ സിദ്ദുവിനൊപ്പം ഉണ്ടെന്നാണ് സൂചന.

കഴിഞ്ഞ മാസം രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അമരിന്ദറിനെതിരേ കലാപക്കൊടി ഉയര്‍ത്തിയെങ്കിലും ഹൈക്കമാന്‍ഡ് ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. എന്നാല്‍ അമരീന്ദറും സിദ്ദുവും തമ്മിലുള്ള പോര് തുടരുന്ന സാഹചര്യത്തില്‍ കടുത്ത തീരുമാനത്തിലേക്ക് ഹൈക്കമാന്‍ഡ് എത്തുകയായിരുന്നു. 

Tags:    

Similar News