പെയ്തുതീരാതെ പഞ്ചാബ് കോണ്‍ഗ്രസ്സിലെ പ്രതിസന്ധി: പരസ്യമായി മാപ്പു പറയാതെ അമരീന്ദര്‍ സിങ് സിദ്ദുവിനെ നേരിട്ട് കാണില്ല

Update: 2021-07-21 04:34 GMT

ഛണ്ഡീഗഢ്: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി നവ്‌ജ്യോദ് സിങ് സിദ്ദുവിനെ നിയമച്ചിട്ടും പഞ്ചാബ് കോണ്‍ഗ്രസ്സില്‍ പ്രതിസന്ധിക്ക് അയവില്ല. പുതിയ അധ്യക്ഷനായി നിയമിതനായ സിദ്ദു പരസ്യമായി മാപ്പുപറയാതെ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കൂടിക്കാഴ്ചയ്ക്ക് തയ്യാറില്ലെന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് രവീന്‍ തുക്രല്‍ പറഞ്ഞു.

''നവ്‌ജ്യോദ് സിങ് സിദ്ദു മുഖ്യമന്ത്രി അമരീന്ദറിനെ കാണാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്നത് പൂര്‍ണമായും തെറ്റാണ്. അതിന് സമയം ചോദിച്ചിട്ടില്ല. നിലപാടില്‍ മാറ്റം വരുത്താനും തീരുമാനിച്ചിട്ടില്ല. പരസ്യമായി ഖേദം പ്രകടിപ്പിക്കുകയോ മാപ്പു പറയുകയോ ചെയ്യാതെ മുഖ്യമന്ത്രി സിദ്ദുവിനെ കാണില്ല''- രവീന്‍ തുക്രല്‍ ട്വീറ്റ് ചെയ്തു.

നേരത്തെ പഞ്ചാബ് മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിമാരിലൊരാളായ ബ്രഹെം മൊഹിന്ദ്ര, പുതിയ കോണ്‍ഗ്രസ് മേധാവിയായി നവ്‌ജ്യോത് സിങ് സിദ്ദുവിനെ നിയമിച്ചതില്‍ സന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു. അതേസമയം മുഖ്യമന്ത്രിയുമായി നിലവിലുളള പ്രശ്‌നം പരിഹരിക്കാതെ നേരില്‍ കാണുന്ന പ്രശ്‌നമുദിക്കുന്നില്ലെന്നും അദ്ദേഹം നിലപാടെടുത്തു.

സിദ്ദുവിനെ പ്രസിഡന്റായി നിയമിച്ച നടപടി സ്വാഗതാര്‍ഹമാണെന്നായിരുന്നു മന്ത്രിയുടെ മുന്‍ പ്രതികരണം.

''എന്നിരുന്നാലും മുഖ്യമന്ത്രിയുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കും വരെ അദ്ദേഹത്തെ കാണുകയില്ല''- മൊഹിന്ദ്ര പറഞ്ഞു.

അമരീന്ദര്‍ സിങ്ങും സിദ്ദുവും തമ്മിലുള്ള നീണ്ട കാലത്തെ അധികാര വടംവലിക്കു ശേഷമാണ് കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് സിദ്ദുവിനെ പഞ്ചാബ് പാര്‍ട്ടി പ്രസിഡന്റാക്കിയത്. 

Similar News