പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വിവാഹിതനായി

Update: 2022-07-07 11:40 GMT

ഛണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വിവാഹിതനായി. ഛണ്ഡീഗഢിലെ വീട്ടില്‍ വച്ച് ലളിതമായ രീതിയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കുടുംബസമേതം ചടങ്ങില്‍ പങ്കെടുത്തു. സിഖ് ആചാരപ്രകാരം നടന്ന വിവാഹത്തില്‍ കെജ്‌രിവാളിനെയും കുടുംബത്തെയും കൂടാതെ മന്നിന്റെ അമ്മയും സഹോദരിയും ഏതാനും അതിഥികളും മാത്രമാണ് പങ്കെടുത്തതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു.

തന്റെ ഇളയ സഹോദരന്‍ വിവാഹിതനായതിലും പുതിയ തുടക്കം കുറിച്ചതിലും അതിയായ സന്തോഷമുണ്ടെന്ന് കെജ്‌രിവാള്‍ പ്രതികരിച്ചു. ഭഗവന്ത് മന്നിനും ഗുര്‍പ്രീത് കൈറിനും അദ്ദേഹം വിവാഹം ആശംസകള്‍ നേര്‍ന്നു. ദൈവം അവര്‍ക്ക് സന്തോഷകരമായ ദാമ്പത്യ ജീവിതം നല്‍കി അനുഗ്രഹിക്കട്ടെ- കെജ്‌രിവാള്‍ വ്യക്തമാക്കി. ആം ആദ്മി പാര്‍ട്ടി എംപി രാഘവ് ഛദ്ദയും വിവാഹവിരുന്നില്‍ പങ്കെടുത്തു. ചുവന്ന നിറത്തിലുള്ള വേഷമണിഞ്ഞാണ് വധു ഗുര്‍പ്രീത് കൗര്‍ വിവാഹചടങ്ങിനെത്തിയത്. സ്വര്‍ണനിറത്തിലുള്ള വേഷത്തില്‍ ഭഗവന്ത് മന്നും വേദിയിലെത്തി.

കുരുക്ഷേത്രയില്‍ നിന്നുള്ള 32കാരിയായ കൗര്‍ ഡോക്ടറാണ്. കുടുംബസുഹൃത്തായ കൗറുമായി ഭഗവന്ത് മന്ന് വര്‍ഷങ്ങളായി പരിചയമുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം കൗര്‍ സജീവമായി പങ്കെടുത്തിരുന്നു. 48 വയസ്സുള്ള ഭഗവന്ത് മന്‍ ആറുവര്‍ഷം മുമ്പ് വിവാഹ മോചനം നേടിയിരുന്നു. ആദ്യവിവാഹത്തില്‍ രണ്ട് മക്കളുണ്ട്. കുട്ടികള്‍ ആദ്യ ഭാര്യക്കൊപ്പം അമേരിക്കയിലാണ്. മുഖ്യമന്ത്രിയുടെ സെക്ടര്‍ രണ്ടിലെ വസതിയില്‍ കനത്ത സുരക്ഷാക്രമീകരണങ്ങളോടെയാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.

Tags:    

Similar News