പഞ്ചാബ് മുഖ്യമന്ത്രി റൊട്ടേഷന്‍ അടിസ്ഥാനത്തിലെന്ന വാര്‍ത്ത തെറ്റ്; മാധ്യമ പ്രചാരണത്തിനെതിരേ കോണ്‍ഗ്രസ്
ഛണ്ഡീഗഢ്; പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ നിയമിക്കുമെന്ന വാര്‍ത്ത തള്ളി പഞ്ചാബ് കോണ്‍ഗ്രസ്. പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെച്ചൊല്ലിയുള്ള തര്‍ക്കം പുതിയ തലത്തിലേക്കുയര്‍ന്നതോടെയാണ് മാധ്യമങ്ങളില്‍ പരസ്പര വിരുദ്ധമായ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. പഞ്ചാബില്‍ അധികാരം ലഭിക്കുകയാണെങ്കില്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയെ നിയമിക്കുമെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചു.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഞായറാഴ്ച പ്രഖ്യാപിക്കുമെന്നാണ് അവസാനം നല്‍കിയ വിശദീകരണം.
കോണ്‍ഗ്രസ്സില്‍ മുഖ്യമന്ത്രി സ്ഥാര്‍ത്ഥിയാവാനുള്ള മല്‍സരം കടുത്തതോടെ രണ്ട് മുഖ്യമന്ത്രിമാരുടെ പേരുകള്‍ കോണ്‍ഗ്രസ് പ്രഖ്യാപിക്കുമെന്നാണ് കഴിഞ്ഞ ദിവസം പഞ്ചാബിലെ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. നവ്‌ജ്യോത് സിദ്ദുവിനും ചരന്‍ജിത് സിങ് ചന്നിയ്ക്കുമാണ് സാധ്യത കല്‍പ്പിക്കുന്നത്. എല്ലാ മാധ്യമവാര്‍ത്തകളും കോണ്‍ഗ്രസ് തള്ളിക്കളഞ്ഞു.
കഴിഞ്ഞ ദിവസം ചന്നിയുടെ മരുമകന്‍ ഭുപേന്ദ്ര സിങ് ഹണിയെ ഇ ഡി അനധികൃത മണലൂറ്റ് കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. അതോടെയാണ് ചന്നിയുടെ സാധ്യതയില്‍ മങ്ങലേറ്റത്. രണ്ട് മുഖ്യമന്ത്രിമാരെന്ന വാര്‍ത്ത പുറത്തുവന്നതും അതോടെയാണ്.
മണലൂറ്റ് കേസ് പുറത്തുവന്നതിനുശേഷം ചന്നിക്കെതിരേ സിദ്ദു കടുത്ത വിമര്‍ശനം അഴിച്ചുവിട്ടിരുന്നു. സത്യസന്ധനും അഴിമതിയില്ലാത്തവനുമായ ഒരാളെയായിരിക്കും കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുകയെന്നായിരുന്നു സിദ്ദുവിന്റെ പ്രതികരണം. ചന്നിക്കെതിരേയുള്ള നേരിട്ടുള്ള ഒരു ആക്രമണമായാണ് രാഷ്ട്രീയവൃത്തങ്ങള്‍ ഇതിനെ വിലയിരുത്തുന്നത്.
ചന്നിക്കാണ് പലരും മുഖ്യമന്ത്രി സ്ഥാനത്തിന് സാധ്യത കല്‍പ്പിച്ചിരുന്നത്. അടുത്ത ദിവസം കോണ്‍ഗ്രസ് നടത്തിയ ഒരു സര്‍വേയിലും ചന്നിക്കായിരുന്നു സാധ്യത. ചന്നിയുടെ ബന്ധു അറസ്റ്റിലായതോടെ സിദ്ദു ആക്രമണം കടുപ്പിക്കുകയായിരുന്നു.
'ധാര്‍മ്മികതയില്ലാത്ത, സത്യസന്ധതയില്ലാത്ത, അഴിമതിയുടെയും മാഫിയയുടെയും ഭാഗമാകുന്ന ഒരാളെ നിങ്ങള്‍ തിരഞ്ഞെടുത്താല്‍, ആളുകള്‍ മാറ്റത്തിനായി വോട്ട് ചെയ്യുകയും നിങ്ങളെ കുഴിച്ചുമൂടുകയും ചെയ്യും.'- ഒരു ദേശീയ മാധ്യവുമായുള്ള ചര്‍ച്ചയില്‍ സിദ്ദു പറഞ്ഞു.

