പഞ്ചാബ് മന്ത്രിസഭാ രൂപീകരണം; മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി ഡല്‍ഹിയില്‍

മന്ത്രിസഭാ രൂപീകരണം ഈ ആഴ്ച തന്നെ പൂര്‍ത്തിയാക്കാനാണ് നീക്കം

Update: 2021-09-24 03:17 GMT

ന്യൂഡല്‍ഹി: പഞ്ചാബ് മന്ത്രിസഭാ രൂപീകരണം ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി ഡല്‍ഹിയിലെത്തി. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഹരീഷ് റാവത്ത് ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചന്നി കൂടിക്കാഴ്ച നടത്തി. പിസിസി വര്‍ക്കിങ് പ്രസിഡണ്ട് സംഗത് സിങ് ഗില്‍സിയാന്‍, മന്‍പ്രീത് സിങ് ഫാദില്‍ എന്നീ നേതാക്കളും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. മന്ത്രിസഭാ രൂപീകരണം ഈ ആഴ്ച തന്നെ പൂര്‍ത്തിയാക്കാനാണ് നീക്കം. മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായി അടുപ്പമുള്ളവരെ മന്ത്രിസഭയില്‍ നിന്നും ഒഴിച്ചുനിര്‍ത്തും.


പഞ്ചാബിന്റെ ആദ്യ ദലിത് സിഖ് മുഖ്യമന്ത്രിയാണ് ചരണ്‍ജിത് സിങ് ചന്നി. അദ്ദേഹത്തിനൊപ്പം സുഖ്ജിന്ദര്‍ സിങ് രണ്‍ധാവയും ഒ പി സോണിയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണ്ണര്‍ ബന്‍വാരിലാല്‍ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങിനേയും ക്ഷണിച്ചിരുന്നു. എന്നാല്‍, പ്രതിഷേധിച്ച് അമരീന്ദര്‍ സിങ് ചടങ്ങില്‍ പങ്കെടുത്തില്ല. പഞ്ചാബ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ചരണ്‍ജിത് സിങ് ചന്നിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. പുതിയ മുഖ്യമന്ത്രിക്ക് എല്ലാ സഹകരണങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.


നീണ്ട ചര്‍ച്ചക്കൊടുവില്‍ അവസാന നിമിഷമാണ് മുഖ്യമന്ത്രി സ്ഥാനം ചരണ്‍ജിത് സിങ് ചന്നിയിലേക്കെത്തുന്നത്. ആദ്യം തീരുമാനിച്ച സുഖ്ജിന്ദര്‍ സിങ് രണ്‍ധാവയെ സിദ്ദു പക്ഷം പിന്തുണച്ചില്ല. 2022 മാര്‍ച്ച് മാസം വരെയാണ് പുതിയ സര്‍ക്കാരിന്റെ കാലാവധി.




Tags:    

Similar News