പഞ്ചാബ്: സ്‌കൂള്‍ വാനിന് തീപിടിച്ച് നാലു വിദ്യാര്‍ഥിനികള്‍ വെന്തുമരിച്ചു

അപകടം നടക്കുമ്പോള്‍ 12 കുട്ടികളായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ എട്ടു പേരെ പരിക്കുകളോടെ രക്ഷപെടുത്തി.

Update: 2020-02-15 19:09 GMT

അമൃത്സര്‍: സ്‌കൂള്‍ വാനിന് തീപിടിച്ച് നാല് കുട്ടികള്‍ വെന്തുമരിച്ചു. പഞ്ചാബിലെ സന്‍ഗ്രൂര്‍ ജില്ലയിലാണ് സംഭവം. അപകടം നടക്കുമ്പോള്‍ 12 കുട്ടികളായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ എട്ടു പേരെ പരിക്കുകളോടെ രക്ഷപെടുത്തി. കുട്ടികള്‍ സ്‌കൂളില്‍ നിന്നും മടങ്ങി വരുമ്പോഴായിരുന്നു അപകടം. സംഭവത്തെക്കുറിച്ച് മജിസ്റ്റീരിയല്‍ അന്വേഷണം നടത്താന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഉത്തരവിട്ടിട്ടുണ്ട്.

അപകടത്തില്‍ മരിച്ചവരില്‍ മൂന്നു വയസുള്ള കുട്ടിയും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. 2 കുട്ടികള്‍ ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്. സ്‌കൂളില്‍ നിന്നും യാത്ര പുറപ്പെട്ട് അല്‍പ്പ സമയത്തിനകമായിരുന്നു സംഭവം. വാനിന് തീപിടിക്കുന്നത് കണ്ട് വഴിയാത്രക്കാര്‍ ഡ്രൈവര്‍ക്ക് വണ്ടി നിര്‍ത്താന്‍ നിര്‍ദേശം നല്‍കി. സമീപത്തെ കൃഷിയിടത്തില്‍ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളാണ് കുട്ടികളെ പുറത്തെടുത്തത്.

വാനിന്റെ വാതില്‍ തുറക്കാനുള്ള ഡ്രൈവറുടെ ശ്രമം പരാജയപ്പെട്ടതാണ് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബത്തിന് 5 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ട പരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News