പ്രസവത്തില്‍ മാതാവില്‍ നിന്ന് നവജാതശിശുവിലേക്ക് കൊവിഡ് ബാധ: ആദ്യ ലംബപ്രസര പ്രതിഭാസം പൂനെയില്‍

Update: 2020-07-28 10:04 GMT

പൂനെ: പൂനെയില്‍ മാതാവില്‍ നിന്ന് നവജാതശിശുവിലേക്ക് പ്രസവത്തിലൂടെ കൊവിഡ് പകര്‍ന്നു. ഇന്ത്യയിലെ ആദ്യത്തെ കൊവിഡ് 'ലംബപ്രസരണ' സംഭവമാണ് ഇതെന്ന് വാര്‍ത്താമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പൂനെയിലെ സസ്സൂണ്‍ ജനറല്‍ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. ഇപ്പോള്‍ കുഞ്ഞ് സുഖമായിരിക്കുന്നു.

സസ്സൂണ്‍ ആശുപത്രിയിലെ കുട്ടികളുടെ വിഭാഗം, സ്ത്രീരോഗവിഭാഗം, മൈക്രോബയോളജി ലാബ് എന്നിവയില്‍ നിന്ന് ലംബപ്രസരണം റിപോര്‍ട്ട് ചെയ്‌തെന്ന് ആശുപത്രി ബുളളറ്റിന്‍ വ്യക്തമാക്കി. കൊവിഡ് 19 നവജാത ശിശുവിന് ധാരാളം രോഗങ്ങള്‍ക്ക് കാരണമാവുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

കൊവിഡ് പരിശോധന നടത്തിയപ്പോള്‍ മാതാവിന് നെഗറ്റീവ് ആയിരുന്നു. പക്ഷേ, കൊവിഡ് ബാധിച്ചതിന്റെ ലക്ഷണങ്ങളും അവര്‍ക്കുണ്ടായിരുന്നു. മാതാവിന്റെ ശരീരത്തില്‍ ശക്തമായ ആന്റിബോഡിയുടെ സ്വാധീനം കണ്ടെത്തിയിട്ടുണ്ട്. നവജാതശിശുവിന്റെ സ്വാബ്, പ്ലാസന്റ, പൊക്കില്‍ക്കൊടി എന്നിവയില്‍ കൊവിഡ് വ്യാപനം നടന്നതായി പരിശോധനയില്‍ വ്യക്തമായി.

കുഞ്ഞിന് പനിയും അനക്കക്കുറവും ഉണ്ടായിരുന്നതായും രോഗാവസ്ഥ മാറാന്‍ മൂന്നാഴ്ച സമയം വേണ്ടിവന്നുവെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.  

Similar News