ഡോ. നീനാ പ്രസാദിന്റെ നൃത്തപരിപാടി തടസ്സപ്പെടുത്തിയതിനെതിരേ പുരോഗമന കലാസാഹിത്യ സംഘം

Update: 2022-03-21 09:29 GMT

പാലക്കാട്; പാലക്കാട് ഗവ.മോയന്‍ എല്‍.പി.സ്‌കൂളില്‍ ഒരു സാംസ്‌കാരിക സദസ്സിന്റെ അനുബന്ധമായി പ്രശസ്ത നര്‍ത്തകി ഡോ. നീനാ പ്രസാദ് അവതരിപ്പിച്ച നൃത്തപരിപാടി തടസ്സപ്പെടുത്തിയ സംഭവത്തെ പുരോഗമന കലാസാഹിത്യ സംഘം അപലപിച്ചു. തൊട്ടടുത്തു താമസിക്കുന്ന ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശപ്രകാരം പരിപാടി നിര്‍ത്തിവെക്കണമെന്ന് പോലിസ് ആവശ്യപ്പെടുകയായിരുന്നു. രാത്രി 8.30നു തന്നെ പരിപാടി തടസ്സപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചിരുന്നുവെന്ന് ആരോപണമുണ്ട്.

കലയേയും സര്‍ഗ്ഗാവിഷ്‌ക്കാരങ്ങളേയും പൗരസ്വാതന്ത്ര്യത്തേയും ആദരിക്കുന്ന ഒരു ഭരണഘടനയാണ് ഇന്ത്യക്കുള്ളതെന്നും സംസ്‌കാരത്തിന്റേയും മതേതര ജനാധിപത്യത്തിന്റേയും മാധ്യമമായ കലാരൂപങ്ങള്‍ക്കെതിരായ നീക്കം കേരളത്തില്‍ അനുവദിക്കരുതെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

''ബ്യൂറോക്രാറ്റുകളേക്കാളും ന്യായാധിപന്മാരേക്കാളും ഉയര്‍ന്ന പരിഗണനയാണ് ഇവിടത്തെ ജനങ്ങള്‍ എന്നും കലാകാരന്മാര്‍ക്ക് നല്‍കിയിട്ടുള്ളത്. തന്നേക്കാള്‍ സമുന്നതസ്ഥാനം ഒരു ഗായികക്ക് (എം.എസ്.സുബ്ബലക്ഷ്മിക്ക്) നല്‍കിയ പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നു എന്നത് ഓര്‍ക്കണം. രണ്ടു പ്രളയങ്ങളും തുടര്‍ന്ന് കൊവിഡ് മഹാമാരിയും കേരളത്തിലെ പെര്‍ഫോമന്‍സ് ആര്‍ടിസ്റ്റുകളുടെ ജീവിതത്തെ പാടെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. പതുക്കെ പതുക്കെ അരങ്ങുകള്‍ ഉണര്‍ന്നു വരികയാണ്. ജനങ്ങള്‍ കലാവിഷ്‌ക്കാരവേദികളിലേക്ക് ആവേശത്തോടെ കടന്നുവരുന്നു''. ഈ സന്ദര്‍ഭത്തില്‍ സര്‍ഗ്ഗാവിഷ്‌ക്കാരങ്ങള്‍ക്കെതിരെ ഉയര്‍ന്നു വരുന്ന ഭീഷണിയെ ജനങ്ങള്‍ ഒന്നിച്ചു നിന്ന് എതിര്‍ക്കണമെന്നും പുകസ പ്രസിഡന്റ് ഷാജി എന്‍ കരുണും ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവിലും പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Tags: