പൊതുയിടം എന്റേതും: അവകാശ സംരക്ഷണത്തിനായി മാര്‍ച്ച് 8വരെ വിവിധ കേന്ദ്രങ്ങളില്‍ രാത്രി നടത്തം

Update: 2021-12-11 15:17 GMT

കല്‍പ്പറ്റ: വനിത ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന ഓറഞ്ച് ദ വേള്‍ഡ് കാമ്പയിനിന്റെ ഭാഗമായി മനുഷ്യാവകാശ ദിനത്തില്‍ രാത്രി നടത്തം സംഘടിപ്പിച്ചു. സ്ത്രീകളുടെ അവകാശം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പൊതുയിടം എന്റേത് കൂടിയെന്ന സന്ദേശത്തിന്റെ പ്രചാരണവുമായാണ് പരിപാടി നടത്തിയത്. മാര്‍ച്ച് 8 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രാത്രി നടത്തം സംഘടിപ്പിക്കും.

പരിപാടി കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സാജിത ഉദ്ഘാടനം ചെയ്തു. കളക്ട്രേറ്റില്‍ നിന്ന് കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്റ്, കൈനാട്ടി അമൃത് വരെയും ചെറു സംഘങ്ങളായി നടന്നാണ് സ്ത്രീകള്‍ രാത്രി നടത്തത്തില്‍ പങ്കാളികളായത്. ജില്ലാ വനിതാ ശിശു വികസന ഓഫിസര്‍ കെ.വി. ആശാമോള്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വുമണ്‍ പ്രോട്ടക്ഷന്‍ ഓഫീസര്‍ എ. നിസ, വനിത സെല്‍ സി.ഐ. ഉഷാകുമാരി, എന്‍.ജി.ഒ പ്രതിനിധി സുലോചന രാമകൃഷ്ണന്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: