പൊതുതാല്‍പ്പര്യഹരജി തളളി; ഭബാനിപൂര്‍ ഉപതിരഞ്ഞെടുപ്പ് സപ്തംബര്‍ 30നുതന്നെ

Update: 2021-09-28 07:17 GMT

കൊല്‍ക്കത്ത: മമതാ ബാനര്‍ജി മല്‍സരിക്കാനിരിക്കുന്ന ഭബാനിപൂര്‍ ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പ്പര്യ ഹരജി കൊല്‍ക്കത്ത ഹൈക്കോടതി തള്ളി. മുന്‍തീരുമാനമനുസരിച്ച് സപ്തംബര്‍ 30നുതന്നെ തിരഞ്ഞെടുപ്പ് നടക്കുമെന്ന് കോടതി വ്യക്തമാക്കി. അതേസമയം തിരഞ്ഞെടുപ്പ് നടത്തണമെന്ന് അഭ്യര്‍ത്ഥിച്ച് ബംഗാള്‍ ചീഫ് സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്തിന്റെ ഭാഷ അനുചിതമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 

ആക്റ്റിങ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്‍ഡല്‍, ജസ്റ്റിസ് ആര്‍ ഭരദ്വാജ് എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് വിധി പറഞ്ഞത്.

തിരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ സംസ്ഥാനത്ത് ഭരണഘടനാപ്രതിസന്ധിയുണ്ടാകുമെന്നാണ് ചീഫ് സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്.

മുഖ്യമന്ത്രി മമതാ ബാനര്‍ജി മല്‍സരിക്കുന്ന മണ്ഡലമാണ് ഭബാനിപൂര്‍. ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ മമതാ ബാനര്‍ജി മുഖ്യമന്ത്രി പദമൊഴിയേണ്ടിവരും. നന്ദിഗ്രാമില്‍ നിന്ന് മമത മല്‍സരിച്ച് തോറ്റിരുന്നു.

തൃണമൂല്‍ എംഎല്‍എ സൊവന്‍ദേബ് ചത്തോപാധ്യായയാണ് മമതയ്ക്ക് മല്‍സിക്കുന്നതിനുവേണ്ടി ഭബാനിപൂര്‍ സീറ്റ് ഒഴിഞ്ഞ് കൊടുത്തത്. 2011, 2016 നിയമസഭകളില്‍ മമതയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്.

സയന്‍ ബാനര്‍ജിയെന്നയാളാണ് ഉപതിരഞ്ഞെടുപ്പ് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഭരണഘടനാപരമായ പ്രതിസന്ധിയെന്ന തിരഞ്ഞെടുപ്പു കമ്മീഷന്റെ വിശേഷണം വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നതും സ്വാധീനിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതുമാണെന്ന് ഹരജിക്കാരന്‍ വാദിച്ചു. എന്നാല്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നത് ഉത്തരവിനെ ഹരജിക്കാരന്‍ തെറ്റായി വായിക്കുന്നതുകൊണ്ടാണെന്ന് കമ്മീഷന്‍ കോടതിയെ അറിയിച്ചു. 

Tags: