പിങ്ക് പോലിസ് പരസ്യവിചാരണ: നീതി ലഭിച്ചില്ലെന്ന് പിതാവ്; ഉദ്യോഗസ്ഥയ്ക്ക് പരമാവധി ശിക്ഷ നല്‍കിയെന്ന് ഐജി

രജിതയെ യൂനിഫോം ജോലിയില്‍ നിന്ന് ഒഴിവാക്കണമെന്ന് എസ്‌സി എസ്ടി കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. തനിക്ക് നീതി കിട്ടിയില്ലെന്നും അപമാനിച്ച ഉദ്യോഗസ്ഥയ്‌ക്കെതിരേ ശക്തമായ നടപടി വേണമെന്നും പെണ്‍കുട്ടിയുടെ പിതാവ് ജയചന്ദ്രന്‍ പറഞ്ഞു.

Update: 2021-10-14 05:45 GMT

തിരുവനന്തപുരം: മോഷണക്കുറ്റമാരോപിച്ച് എട്ട് വയസ്സുള്ള ദലിത് പെണ്‍കുട്ടിയെയും പിതാവിനെയും പിങ്ക് പോലിസ് പരസ്യ വിചാരണ ചെയ്തതില്‍ കുറ്റക്കാരിയായ ഉദ്യോഗസ്ഥ രജിതയ്ക്ക് പരമാവധി ശിക്ഷ നല്‍കിയെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി. മൊബൈല്‍ കാണാതായപ്പോള്‍ പോലിസുകാരി ജാഗ്രത പുലര്‍ത്തിയില്ല. അച്ഛനോടും മകളോടും ഇടപടുന്നതിലും ഉദ്യോഗസ്ഥയ്ക്ക് വീഴ്ചയുണ്ടായി. മോശം ഭാഷയോ ജാതി അധിക്ഷേപമോ ഉണ്ടായില്ലെന്ന് നിരീക്ഷിച്ച ഐജി, തെറ്റ് പറ്റിയത് അറിഞ്ഞിട്ടും ഉദ്യോഗസ്ഥ മാപ്പ് പറഞ്ഞില്ലെന്ന് പറഞ്ഞു. ഈ കുറ്റത്തിന് ജില്ല വിട്ട് സ്ഥലം മാറ്റുകയും 15 ദിവസത്തെ പരിശീലനത്തിന് അയക്കുകയും ചെയ്തു. കൂടുതല്‍ നടപടിക്കുള്ള തെറ്റ് ചെയ്തിട്ടില്ലെന്ന് ഐജി ഹര്‍ഷത അത്തല്ലൂരി ഡിജിപിക്ക് റിപോര്‍ട്ട് നല്‍കി.

നേരത്തെ, രജിതയെ യൂനിഫോം ജോലിയില്‍ നിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാന എസ്‌സി എസ്ടി കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. തനിക്ക് നീതി കിട്ടിയില്ലെന്നും തന്നെയും മകളെയും അപമാനിച്ച ഉദ്യോഗസ്ഥയ്‌ക്കെതിരേ ശക്തമായ നടപടി വേണമെന്നും പെണ്‍കുട്ടിയുടെ പിതാവ് ജയചന്ദ്രന്‍ പറഞ്ഞു.

ആറ്റിങ്ങലിനടുത്ത് തോന്നയ്ക്കലില്‍ വച്ചാണ് എട്ടു വയസുകാരിക്കും അച്ഛനും പിങ്ക് പോലിസില്‍ നിന്ന് ദുരനുഭവമുണ്ടായത്. ഐഎസ്ആര്‍ഓയുടെ കൂറ്റന്‍ ചരക്ക് വാഹനം ദേശീയ പാത കടന്നുപോകുന്നത് കാണാനെത്തിയതായിരുന്നു പിതാവും മകളും.

തന്റെ മൊബൈല്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് അച്ഛനെയും മകളെയും പോലിസ് ഉദ്യോഗസ്ഥയായ രജിത നടുറോഡില്‍ വെച്ച് ആളുകള്‍ നോക്കിനില്‍ക്കെ ചോദ്യം ചെയ്തത്. 'നിന്നെ കണ്ടാലറിയാം കള്ളിയെന്ന' തരത്തിലായിരുന്നു ആക്ഷേപം. പോലിസ് വാഹനത്തിലെ ബാഗില്‍ നിന്നും മൊബൈല്‍ ലഭിച്ചിട്ടും നാട്ടുകാരുടെ മുന്നില്‍ രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയാണ് ചെയ്തത്.

അന്വേഷണം നടത്തിയ ആറ്റിങ്ങല്‍ ഡിവൈഎസ്പി, രജിത അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന റിപോര്‍ട്ടാണ് നല്‍കിയത്. പിന്നാലെ രജിതയുടെ നടപടി നല്ലനടപ്പ് പരിശീലനത്തില്‍ ഒതുക്കി. പരസ്യ വിചാരണ നേരിട്ട ജയചന്ദ്രന്‍ മകളുമായി ഡിജിപിയെ കണ്ടു. പിന്നാലെയാണ് ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് അന്വേഷണച്ചുമതല നല്‍കിയത്.

സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ജയചന്ദ്രന്‍ മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി ക്ഷേമ കമ്മീഷനും പരാതി നല്‍കിയിരുന്നു. സംഭവം വിവാദമായത്തോടെ പരസ്യ വിചാരണ നടത്തിയ പിങ്ക് പോലിസ് ഉദ്യോഗസ്ഥ രജിതയെ തിരുവനന്തപുരത്ത് നിന്നും കൊല്ലം റൂറലിലേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാല്‍, ഇത് ഉദ്യോഗസ്ഥയുടെ വീടിന് വളരെ അകലെയല്ലാത്ത സ്‌റ്റേഷനിലാണെന്നും ആക്ഷേപമുണ്ട്.

Tags:    

Similar News