പരാതിക്കാരന്റെ കൂടെ വന്ന പൊതുപ്രവര്‍ത്തകന് പോലിസ് സ്‌റ്റേഷനില്‍ മര്‍ദ്ദനം
തിരൂരങ്ങാടി: പരാതിക്കാരന്റെ കൂടെ വന്ന പൊതുപ്രവര്‍ത്തകന് തിരൂരങ്ങാടി പോലിസ് സ്‌റ്റേഷനില്‍ മര്‍ദ്ദനം. പൊതുപ്രവര്‍ത്തകനായ വെന്നിയൂര്‍ സ്വദേശി തെന്നിയാട്ടില്‍ റംഷീദിന് നേരെയാണ് പോലിസ് അതിക്രമം നടന്നത്. അയല്‍വാസിയായ കെട്ടിടഉടമയുടെ കൂടെ താമസക്കാര്‍ക്കെതിരേ പരാതി പറയാനെത്തിയതായിരുന്നു റംഷീദ്. ഡ്യൂട്ടിയിലുണ്ടായിരുന്ന അഡീഷണല്‍ എസ്‌ഐയോട് സംഭവത്തെക്കുറിച്ച് പറഞ്ഞതിനു ശേഷം സിഐയെ കാത്തിരിക്കുന്നതിനിടെ പാറാവ് നില്‍ക്കുന്നയാള്‍ അടക്കം മൂന്ന് പോലിസുകാര്‍ നീ കലക്ടറോട് പരാതി പറയുന്ന ആളാണെന്നു പറഞ്ഞ് മര്‍ദ്ദിച്ചു.
കുറച്ചുകഴിഞ്ഞ് സ്ഥലത്തെത്തിയ സിഐയും, എസ്‌ഐയും സംഭവത്തില്‍ ഖേദം പറയുകയും ക്ഷമിക്കാന്‍ അപേക്ഷിക്കുകയും ചെയ്തു. ഇതിനിടെ മര്‍ദ്ദിച്ച പോലിസുകാരനോട് സംസാരിച്ച ഉദ്യോഗസ്ഥന്‍ കേസെടുത്തുവെന്ന് അറിയിച്ചു. റംഷീദിനെതിരേ ജാമ്യമില്ലാ കേസാണ് എടുത്തിട്ടുള്ളത്.
നിഖില്‍, അനു, ശിവന്‍ എന്നീ പോലീസുകാരാണ് തന്നെ മര്‍ദ്ദിച്ചതെന്ന് റംഷീദ് പറഞ്ഞു. റംഷീദിനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.