എഎപിയുടെ അടുത്ത തിരഞ്ഞെടുപ്പ് പ്രശാന്ത് കിഷോറിന്റെ ഐ-പാക് നയിക്കും

ഡല്‍ഹിയിലെ 70 അംഗ സഭയില്‍ തിരിച്ചെത്താനുള്ള ശ്രമത്തില്‍ എഎപി, പൗരത്വ ഭേദഗതി നിയമം, വായു മലിനീകരണം, സ്ത്രീസുരക്ഷ, ഡല്‍ഹിയുടെ സംസ്ഥാന പദവി തുടങ്ങിയവയാണ് പ്രധാന പ്രമേയങ്ങളായി സ്വീകരിച്ചിട്ടുള്ളത്.

Update: 2019-12-14 06:52 GMT

ന്യൂഡല്‍ഹി: അടുത്ത തവണയും ഡല്‍ഹിയിലെ അധികാരം കൈക്കലാക്കാനുള്ള എഎപിയുടെ തിരഞ്ഞെടുപ്പ് നീക്കങ്ങള്‍ക്ക് പ്രശാന്ത് കിഷോറിന്റെ ഐ-പാക് നേതൃത്വം നല്‍കും. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ഐ- പാക്കുമായി കരാറായ കാര്യം എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ തന്നെയാണ് ട്വീറ്റിലൂടെ അറിയിച്ചത്. ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി (ഐ പാക്)നിലവില്‍ ത്രിണമൂല്‍ കോണ്‍ഗ്രസ്സിന്റെ 2021 ലെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുകയാണ്.

ഡല്‍ഹിയിലെ 70 അംഗ സഭയില്‍ രണ്ടാമതും എത്താനുള്ള ശ്രമത്തില്‍ എഎപി, പൗരത്വ ഭേദഗതി നിയമം, വായു മലിനീകരണം, സ്ത്രീസുരക്ഷ, ഡല്‍ഹിയുടെ സംസ്ഥാന പദവി തുടങ്ങിയവയാണ് പ്രധാന പ്രമേയങ്ങളായി സ്വീകരിച്ചിട്ടുള്ളത്.

2014 ല്‍ മോദിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചുകൊണ്ടാണ് പ്രശാന്ത് കിഷോര്‍ ശ്രദ്ധപിടിച്ചുപറ്റുന്നത്. തുടര്‍ന്ന് 2015 ലെ ജെഡിയുവിന്റെ ബിഹാര്‍ തിരഞ്ഞെടുപ്പ്, 2017 ലെ കോണ്‍ഗ്രസ്സിന്റെ പഞ്ചാബ് തിരഞ്ഞെടുപ്പ്, ഈ വര്‍ഷം ജഗ്‌മോഹന്‍ റെഡി നേതൃത്വം നല്‍കുന്ന വൈഎസ്ആര്‍സിപിയുടെ ആന്ധ്രപ്രദേശ് തിരഞ്ഞെടുപ്പ് എന്നിവയ്ക്കും ഐ-പാക് ചുക്കാന്‍ പിടിച്ചു.

പൗരത്വ ഭേദഗതി നിയമത്തെ ശക്തമായി എതിര്‍ക്കുന്നവരാണ് നിലവില്‍ പ്രശാന്ത് കിഷോറിന്റെ ഇടപാടുകാരെങ്കിലും അദ്ദേഹം നിലവില്‍ പ്രവര്‍ത്തിക്കുന്ന നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡ് എന്‍ഡിഎയുെട സഖ്യകക്ഷിയും പൗരത്വ ഭേദഗതി ബില്ലിന്റെ അനുകൂലിയുമാണ്. തന്റെ പാര്‍ട്ടിയോട് ഈ വിഷയത്തിലെ നിലപാടുകള്‍ പുനപ്പരിശോധിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.




Tags:    

Similar News