തൊഴിലാളി അവകാശങ്ങള്‍ നിഷേധിക്കുന്ന ലേബര്‍ കോഡുകള്‍ക്കെതിരേ പാര്‍ലമെന്റില്‍ പ്രതിഷേധം

Update: 2025-12-03 06:43 GMT

ന്യൂഡല്‍ഹി: പതിറ്റാണ്ടുകളായി തൊഴിലാളിവര്‍ഗം സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളെ തകര്‍ക്കുന്ന ലേബര്‍ കോഡുകള്‍ക്കെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റിന് മുന്നില്‍ ശക്തമായി പ്രതിഷേധിച്ചു. സിപിഐ(എം) ലോക്‌സഭാ നേതാവ് കെ രാധാകൃഷ്ണന്‍, രാജ്യസഭാ നേതാവ് ജോണ്‍ ബ്രിട്ടാസ്, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധി, എംപിമാരായ വി ശിവദാസന്‍, പി സന്തോഷ് കുമാര്‍, എം കെ കനിമൊഴി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ ഉള്‍പ്പെടെ നിരവധി പ്രതിപക്ഷ നേതാക്കള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

തൊഴിലാളി വിരുദ്ധമായ ലേബര്‍ കോഡുകളെ പിന്‍വലിക്കണമെന്ന കേന്ദ്ര ആവശ്യം ഉയര്‍ത്തി രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ തുടരുകയാണ്. നാലു ലേബര്‍ കോഡുകള്‍ പിന്‍വലിക്കണമെന്ന് ഉള്‍പ്പെടെ 16 ആവശ്യങ്ങളടങ്ങിയ സംയുക്ത നിവേദനം കേന്ദ്ര ട്രേഡ് യൂണിയനുകളും കര്‍ഷക സംഘടനകളും നേരത്തെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് സമര്‍പ്പിച്ചിരുന്നു. ബിഹാര്‍ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം സര്‍ക്കാര്‍ ഏകപക്ഷീയമായി നടപ്പിലാക്കിയ തൊഴില്‍ കോഡുകള്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ ഗുരുതരമായി ബാധിക്കുന്നതാണെന്ന ആരോപണമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായി രൂപപ്പെടുത്തിയ ഈ നിയമങ്ങള്‍ രാജ്യത്തെ തൊഴില്‍ മേഖലയിലും കര്‍ഷക സമൂഹത്തിലും വ്യാപകമായ പ്രതിഷേധത്തിന് വഴിവച്ചിരിക്കുകയാണ്.

Tags: