നേപ്പാളിലെ പ്രക്ഷോഭം; കൊല്ലപ്പെട്ടവരെ 'രക്തസാക്ഷികള്‍' ആയി പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍

Update: 2025-09-15 07:21 GMT

കാഠ്മണ്ഡു: നേപ്പാളില്‍ ജെന്‍സികളുടെ നേതൃത്വത്തില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരെ 'രക്തസാക്ഷികള്‍' ആയി പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍. ഇടക്കാല പ്രധാനമന്ത്രി സുശീല കര്‍ക്കിയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. രക്തസാക്ഷികളുടെ കുടുംബത്തിന് 10 ലക്ഷം രൂപ ആശ്വാസധനമായി നല്‍കാനും പരിക്കേറ്റവരുടെ ആശുപത്രി ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കാനും തീരുമാനമെടുത്തു.

അതേസമയം, അധികാരത്തില്‍ തുടരില്ലെന്ന് വ്യക്തമാക്കിയ സുശീല കര്‍ക്കി ആറുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തി അധികാരം കൈമാറുമെന്നും പറഞ്ഞിട്ടുണ്ട്. അക്രമസംഭവങ്ങളില്‍ വ്യക്തമായ അന്വേഷണം നടത്തി നീതിയും സ്ഥിരതയും ഉറപ്പാക്കുമെന്നും അവര്‍ പറഞ്ഞു. അക്രമത്തിന് പിന്നിലുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും അക്രമം അഴിച്ചുവിട്ടത് ആസൂത്രിതമാണെന്നും സുശീല കര്‍ക്കി പറഞ്ഞു.

വ്യാജവാര്‍ത്തകളും വിദ്വേഷപ്രചാരണങ്ങളും തടയാനുള്ള നടപടികളുടെ ഭാഗമായി സമൂഹമാധ്യമങ്ങളെ ചട്ടവിധേയമാക്കാനാണു റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുകയാണെന്നാണ് സര്‍ക്കാര്‍ പരഞ്ഞത്. എന്നാല്‍, ഇത് അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാനും സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്താനുമുള്ള നീക്കമാണെന്നു വിമര്‍ശിച്ചാണു യുവജനങ്ങള്‍ രംഗത്തിറങ്ങിയത്. നിരോധനം പിന്‍വലിക്കാനാവശ്യപ്പെട്ട് 'ജെന്‍ സി' (ജനറേഷന്‍ സെഡ്) ബാനറുമായി പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ പ്രതിഷേധം കനത്തു. ഇതോടെ നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയും പ്രസിഡന്റ് റാം ചന്ദ്ര പൗഡലും ഉള്‍പ്പെടെയുള്ളവര്‍ രാജിവയ്ക്കുകയായിരുന്നു. അഴിമതിക്കും സ്വജനപക്ഷപാതത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ പുതുതലമുറ ഉയര്‍ത്തിയ ശബ്ദത്തെ സാമൂഹികമാധ്യമ നിരോധനം കൊണ്ട് നേരിടാമെന്ന സര്‍ക്കാര്‍ നീക്കത്തിനേറ്റ തിരിച്ചടിയാണ് പ്രക്ഷോഭമെന്ന് വിദഗ്ദര്‍ പറഞ്ഞു.

Tags: