മോദിയുടെ സന്ദര്‍ശനത്തിനെതിരേ ബംഗ്ലാദേശില്‍ പ്രതിഷേധം; പോലിസ് വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം 11 ആയി

Update: 2021-03-28 14:49 GMT

ധക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരേ പ്രതിഷേധിച്ചവര്‍ക്കു നേരെ പോലിസ് നടത്തിയ വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം 11 ആയി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധക്ക പര്യടനത്തിനെതിരേ പ്രതിഷേധിച്ചവര്‍ക്കു നേരെയാണ് വെടിവയ്പുണ്ടായത്.

പ്രധാനമന്ത്രി മോദി മടങ്ങിയതിനുശേഷവും പ്രതിഷേധം രൂക്ഷമായി തുടരുകയാണ്. പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതോടെ രാജ്യത്തെ സംഘര്‍ഷവും രൂക്ഷമായി.

ബംഗ്ലാദേശ് രൂപീകരണത്തിന്റെ 50ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗയായാണ് മോദി ബംഗ്ലാദേശിലെത്തിയത്. സന്ദര്‍ശനത്തോടൊപ്പം പ്രധാനമന്ത്രി 12 ലക്ഷം കൊവിഡ് 19 വാക്‌സിന്‍ ബംഗ്ലാദേശിന് സമ്മാനമായി നല്‍കി.

പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും നയങ്ങള്‍ ഇന്ത്യയിലെ മുസ് ലിംജനവിഭാഗങ്ങള്‍ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം കനത്തത്.

വെള്ളിയാഴ്ച ധക്കയില്‍ പോലിസ് ടിയര്‍ഗ്യാസും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ചതിന്റെ ഭാഗമായി നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് ഞായറാഴ്ചയും ബംഗ്ലാദേശില്‍ പ്രകടനം നടത്തിയത്.

ഇസ്‌ലാമിക സംഘടനയായ ഹെഫാസത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തകര്‍ ഒരു ട്രയിനിനു നേരെ ആക്രമണം നടത്തിയിരുന്നു. സംഭവത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു.

Tags: