വിമാനത്താവളത്തില്‍ പ്രതിഷേധം: മുന്‍മന്ത്രി ബേസില്‍ രാജപക്‌സെയുടെ ദുബയിലേക്ക് പലായനം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടു
കൊളംബൊ: മുന്‍ധനമന്ത്രിയും പ്രസിഡന്റ് ഗോടബയ രാജപക്‌സെയുടെ ഇളയ സഹോദരനുമായ ബേസില്‍ രാജപക്‌സെയുടെ ദുബയിലേക്ക് പലായനം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടു. തിങ്കളാഴ്ച ദുബയിലേക്കുള്ള വിമാനത്തില്‍ പോകാനായിരുന്നു ശ്രമം.
രാജ്യത്ത് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ബേസില്‍ വിദേശത്തേക്ക് കടക്കാന്‍ തീരുമാനിച്ചത്. പക്ഷേ, വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ അധികൃതരും യാത്രക്കാരും അദ്ദേഹത്തിനെതിരേ പ്രതിഷേധിച്ചതോടെ പോകാന്‍ സാധിക്കാതെയായി. പിന്നീട് അദ്ദേഹം വിമാനത്താവളത്തിനു പുറത്തുപോയി.
പ്രസിഡന്റ് ഗോടബയ രാജപക്‌സെ നാട്ടിലുണ്ടെന്നും അദ്ദേഹം പോകാനിടയുണ്ടെന്നും റിപോര്‍ട്ടുകള്‍ പുറത്തുവന്നതിനു തൊട്ടടുത്ത ദിവസാണ് സഹോദരനെ വിമാനത്താവളത്തില്‍ തടഞ്ഞത്.
താന്‍ രാജിവയ്ക്കുമെന്ന് പ്രസിഡന്റ് രാജപക്‌സെ ശനിയാഴ്ചയാണ് പ്രഖ്യാപിച്ചത്.
രാജപക്‌സെ മറ്റൊരു രാജ്യത്തേക്ക് കടന്നതായി കഴിഞ്ഞ ദിവസം സ്പീക്കര്‍ അബെയവര്‍ധന പറഞ്ഞിരുന്നു. ബിബിസി അഭിമുഖത്തില്‍ പറഞ്ഞത് തെറ്റാണെന്ന് പിന്നീട് അദ്ദേഹം സ്ഥിരീകരിച്ചു.
റനില്‍ വിക്രമസിംഗെയും രാജപക്‌സെയും നാട്ടില്‍ത്തന്നെയുണ്ടെന്ന് പിന്നീട് അദ്ദേഹം സ്ഥിരീകരിച്ചു.
ആയിരക്കണക്കിന് പേര്‍ പ്രസിഡന്റിന്റെ കൊട്ടാരം കയ്യടക്കി പ്രതിഷേധിച്ചതോടെയാണ് പ്രസിഡന്റും പ്രധാനമന്ത്രിയും പ്രതിസന്ധിയിലായത്.
പ്രതിഷേധം ശക്തമായതോടെ താന്‍ രാജിവയ്ക്കുമെന്ന് പ്രധാനമന്ത്രിയും 13ന് രാജിവയ്ക്കുമെന്ന് പ്രസിഡന്റും പ്രഖ്യാപിച്ചു.
1948ല്‍ സ്വാതന്ത്ര്യം ലഭിച്ച ശ്രീലങ്ക അതിനുശേഷം അനുഭവിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
ഭക്ഷ്യ-ഇന്ധനക്ഷാമം രൂക്ഷമായ രാജ്യത്ത് സ്‌കൂളുകളും അടച്ചിട്ടിരിക്കുകയാണ്. മരുന്നുക്ഷാമവും രൂക്ഷം.
രാജ്യത്തിന്റെ വിദേശകറന്‍സി ശേഖരം ഇടിഞ്ഞതോടെ ഇറക്കുമതിയും പ്രതിസന്ധിയിലായി.
