യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യപിച്ചതിന് തെളിവില്ല; ഇ പി ജയരാജന്റെ വാദം പൊളിയുന്നു

Update: 2022-06-14 04:40 GMT

തിരുവനന്തപുരം: കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങിവരവെ മുഖ്യമന്ത്രി വിജയനെതിരേ വിമാനത്തില്‍ പ്രതിഷേധിച്ച മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യപിച്ചിരുന്നുവെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ വാദം പൊളിയുന്നു. വിമാനത്താവളത്തില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ഡോക്ടറോ, മെഡിക്കല്‍ കോളജില്‍ നടത്തിയ വിശദപരിശോധനയിലോ ഇവര്‍ മദ്യപിച്ചതായി കണ്ടെത്തിയിട്ടില്ല. 'മദ്യപിച്ച് ലക്കുകെട്ട രീതിയില്‍ ബോധമില്ലാത്ത രീതിയിലാണ് ഇവര്‍ മുഖ്യമന്ത്രിയെ ആക്രമിക്കാനെത്തിയത്.

മുദ്രാവാക്യം വിളിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നാക്ക് കുഴയുന്നുണ്ടായിരുന്നു. എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു'- എന്ന് ഇ പി ജയരാജന്‍ ആരോപിക്കുന്നു. മുഖ്യമന്ത്രി എണീറ്റ് ബാഗെടുക്കാന്‍ ഒരുങ്ങുകയും താന്‍ എഴുന്നേറ്റ് ബാഗെടുക്കാനും ശ്രമിക്കുമ്പോഴായിരുന്നു സംഭവമെന്നും ജയരാജന്‍ പറഞ്ഞു. പ്രതിഷേധക്കാരെ ജയരാജന്‍ തള്ളിവീഴ്ത്തുന്നത് ദൃശ്യങ്ങളിലുണ്ട്. മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സിന്‍ മജീദ്, ജില്ലാ സെക്രട്ടറി ആര്‍ കെ നവീന്‍കുമാര്‍ തുടങ്ങിയവരാണ് വിമാനത്തിനുള്ളിലുണ്ടായിരുന്നത്. ഇവരിലൊരാള്‍ കറുത്ത ഷര്‍ട്ടാണ് അണിഞ്ഞിരുന്നത്.

Tags:    

Similar News