പ്രധാന മന്ത്രിയുടെ സന്ദര്‍ശനത്തിനിടെ ഹൈദരാബാദില്‍ മണി ഹീസ്റ്റ് പോസ്റ്ററുമായി പ്രതിഷേധം

Update: 2022-07-03 11:56 GMT

ഹൈദരാബാദ്: ബിജെപിയുടെ നാഷണല്‍ എക്‌സിക്യൂട്ടീവ് യോഗത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ഹൈദരാബാദില്‍ വന്‍ പ്രതിഷേധം. എല്‍ബി നഗറില്‍ ഉയര്‍ന്നിരിക്കുന്ന മണി ഹീസ്റ്റ് പരമ്പരയിലെ മുഖാവരണം ധരിച്ചവരെ ചിത്രീകരിക്കുന്ന പോസ്റ്ററുകള്‍ ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും മോദിയെയും നേരിട്ട് പരിഹസിക്കുന്നതാണ്.

ബിജെപി സംസ്ഥാന സര്‍ക്കാരുകളെ തകര്‍ക്കുകയാണെന്ന് ഒരു പോസ്റ്ററില്‍ ആരോപിക്കുന്നു. തങ്ങളുടെ ഇടപെടലിലൂടെ തകര്‍ത്ത സംസ്ഥാന സര്‍ക്കാരുകളുടെ പട്ടികയും പോസ്റ്ററിലുണ്ട്.

''ഇന്ത്യന്‍ ജനാധിപത്യത്തിന് നാണക്കേട്, ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ്, കര്‍ണാടക, ബീഹാര്‍, മഹാരാഷ്ട്ര... #ByeByeModi''- പോസ്റ്ററില്‍ പറയുന്നു. 


മറ്റൊരു പോസ്റ്ററില്‍ 'ഞങ്ങള്‍ ബാങ്കുകള്‍ കൊള്ളയടിക്കുന്നു, നിങ്ങള്‍ രാജ്യം കൊള്ളയടിക്കുന്നു'വെന്നാണ്.

പൊതുജനങ്ങളുടെ പണം തട്ടിയെടുക്കുകയാണ് പ്രധാനമന്ത്രിയെന്ന ആരോപണമുയര്‍ത്തിയ പോസ്റ്ററുകള്‍ ഇതാദ്യമല്ല ഹൈദരാബാദില്‍ ഉയരുന്നത്. പോസ്റ്ററിനെ പ്രകീര്‍ത്തിച്ച് തെലങ്കാന രാഷ്ട്രസമിതി നേതാവ് സതീഷ് റെഡ്ഡി ട്വീറ്റ് ചെയ്തു. പോസ്റ്റര്‍ സര്‍ഗാത്മകതയുടെ അങ്ങേത്തലയാണെന്നായിരുന്നു പ്രതികരണം.

മാസ്‌കും ചുവന്ന വസ്ത്രവും ധരിച്ച ആയുധധാരികളായ ഏതാനും പേരുടെ ചിത്രങ്ങളും പോസ്റ്ററിനൊപ്പമുണ്ട്. ഇത്തരം നിരവധി പോസ്റ്ററുകള്‍ പലയിടങ്ങളിലും ഉയര്‍ന്നിട്ടുമുണ്ട്.

ബാങ്ക് കൊള്ള വിഷയമായി വരുന്ന ലോകപ്രശസ്തമായ ഒരു വെബ് പരമ്പരയാണ് മണി ഹീസ്റ്റ്. അതില്‍ ഉപയോഗിക്കുന്ന മാസ്‌കുകളാകട്ടെ സര്‍വദോര്‍ ദാലിയുടെ മുഖത്തോടു സാദൃശ്യമുളളതും വ്യവസ്ഥയെ അട്ടിമറിക്കുന്നതിനെക്കുറിച്ചുള്ള സൂചന നല്‍കുന്നതുമാണ്.

Similar News