ആവശ്യങ്ങള്‍ നേടിയെടുക്കും വരെ സമരം; ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ നാളെ സര്‍ക്കുലര്‍

ഭൂരിപക്ഷ പരാതികളിലും തീരുമാനമായി എന്ന പ്രചാരണം ശരിയല്ല

Update: 2022-09-03 12:05 GMT

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ നാളെ സര്‍ക്കുലര്‍ വായിക്കും. തുറമുഖത്തിനെതിരായ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നാവര്‍ത്തിക്കുകയാണ് ലത്തീന്‍ അതിരൂപത. ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കും വരെ സമരം തുടരും. പലവട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും അധികാരികളില്‍ നിന്ന് കൃത്യമായി മറുപടി കിട്ടിയിട്ടില്ല. കൂടാതെ പോര്‍ട്ട് കരാറുകാരനോട് ചേര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്കെതിരെ താല്‍ക്കാലിക വിധിയും നേടി. 17ാം തിയ്യതി വരെയുള്ള ഉപരോധ സമരത്തിന്റെ ക്രമവും പ്രഖ്യാപിച്ചു.

പത്തൊന്‍പതാം ദിനം വിഴിഞ്ഞം സമരം ശക്തമാക്കാന്‍ ലത്തീന്‍ അതിരൂപതാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഏഴ് ആവശ്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് വൈദികരുടെ യോഗത്തില്‍ വ്യക്തമാക്കി. സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകും. ഭൂരിപക്ഷ പരാതികളിലും തീരുമാനമായി എന്ന പ്രചാരണം ശരിയല്ല. തീരുമാനമാകുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ ഉത്തരവായി പ്രസിദ്ധീകരിക്കണം. അഞ്ച് സെന്റ് സ്ഥലവും വീടും നല്‍കി മത്സ്യത്തൊഴിലാളി ഗ്രാമങ്ങള്‍ വേണം. സമരവേദിയില്‍ മാറ്റമില്ലെന്നും യോഗത്തില്‍ തീരുമാനമായി.

ഇന്നും സമരക്കാര്‍ പ്രതിഷേധവുമായി എത്തി. സമരക്കാര്‍ ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിലേക്ക് നയിച്ചു. ബാരിക്കേഡ് മറികടന്ന് സമരക്കാര്‍ അകത്തേക്ക് കയറി. തടയാന്‍ ശ്രമിച്ച പോലിസുമായി ഉന്തും തള്ളുമുണ്ടായി. സമരം ശക്തമായി തുടരുമെന്നാണ് സമര സമിതിയുടെ നിലപാട്.

സമരത്തെത്തുടര്‍ന്ന് ആഗസ്ത് 16 മുതല്‍ വിഴിഞ്ഞത്ത് തുറമുഖ നിര്‍മാണം തടസ്സപ്പെട്ടിരിക്കുകയാണ്. വിഴിഞ്ഞം സമരത്തില്‍ നിന്നും പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും നല്‍കിയ ഹര്‍ജികളിലാണ് കോടതി ഇന്നലെ ഇടക്കാല ഉത്തരവിറക്കിയത്. എന്നാല്‍, സമരം ചെയ്യരുത് എന്ന് കോടതി പറഞ്ഞില്ലെന്നും അന്തിമ വിധിയില്‍ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സമരസമിതി വ്യക്തമാക്കി. 

Tags: