ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായി ഊർങ്ങാട്ടിരിയിൽ പ്രതിഷേധ മാർച്ച്

Update: 2020-11-03 07:53 GMT

അരീക്കോട്: ഊർങ്ങാട്ടിരിയിൽ ഭിന്നശേഷി കുട്ടികളുടെ അവകാശങ്ങൾ തടഞ്ഞുവെച്ചതിനെതിരെ രക്ഷിതാക്കൾ ബുധനാഴ്ച പഞ്ചായത്തിലേക്ക് പ്രതിഷേധ സമരം നടത്തും. ഭിന്നശേഷിയിൽ ഉൾപ്പെട്ട കുട്ടികൾക്ക് നൽകേണ്ട സ്കോളർഷിപ്പ് വെട്ടിക്കുറച്ചും എസ്.സി ,എസ് .ടി കുട്ടികളൂടേതടക്കം തടഞു വെച്ച ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിനെതിരെയാണ് രക്ഷിതാക്കളുടെ പ്രതിഷേധം.

ശാരീരിക - മാനസിക വെല്ലുവിളി നേരിടുന്നവർക്ക് നിശ്ചിത തുക നിർബന്ധമായും സ്കോളർഷിപ്പ് നല്കണമെന്ന് സർക്കാർ കർശന നിർദേശം നല്കുകയും എല്ലാ പഞ്ചായത്തുകളും സമൂഹത്തിലെ ഏറ്റവും അവശ വിഭാഗങ്ങളായ ഇവർക്ക് ഇത് പൂർണമായും നൽകുകയും ചെയ്യുമ്പോൾ ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്തും നിർവ്വഹണോദ്യോഗസ്ഥയായ ഐ.സി.ഡി.എസ് സൂപ്പർവൈസറും ഇവരുടെ അവകാശം നിഷേധിക്കുകയും മന: പൂർവ്വം അതു തടഞ്ഞു വയ്ക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണന്ന് രക്ഷിതാക്കൾ ആരോപിച്ചു.

കഴിഞ്ഞ രണ്ടു വർഷങ്ങളിൽ 21 ലക്ഷത്തിലധികം രൂപയാണ് നഷ്ടപ്പെടുത്തിയിരിക്കുന്നത്. 2019-20ൽ സ്കോളർഷിപ്പിന്നായി 40,00,000 രൂപ വകയിരുത്തിയതിൽ 14 ,65000 രൂപ ചെലവഴിക്കാതെ മാറ്റുകയുണ്ടായി. 13,03800 രൂപ ഗുണഭോക്താക്കൾ ക്ക് നല്കാനുണ്ടായിരിക്കെ മനഃ പൂർവ്വം നല്കാതെയാണ് പഞ്ചായത്തും സൂപ്പർ വൈസറും ക്രൂരമായ ഈ നീതി നിഷേധം നടത്തിയിരിക്കുന്നത് കൊവിഡ് നിലനിൽക്കുന്ന സാഹചര്യത്തിൽ തടഞ്ഞുവെച്ച ഫണ്ട് അടിയന്തിരമായി വിതരണം നടത്തണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യമെന്ന് കോർഡിനേറ്റർ ജാഫർ കെ ചാളക്കണ്ടി പറഞ്ഞു.