പ്രവാചക നിന്ദ: പ്രതിഷേധകടല്‍ തീര്‍ത്ത് മുസ്‌ലിം കോഓഡിനേഷന്‍ കമ്മിറ്റി രാജ് ഭവന്‍ മാര്‍ച്ച്

പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് രാജ്ഭവന് സമീപം സമാപിച്ചു

Update: 2022-06-14 10:50 GMT

തിരുവനന്തപുരം: പ്രവാചക നിന്ദയ്‌ക്കെതിരെ പ്രതിഷേധകടല്‍ തീര്‍ത്ത് തിരുവനന്തപുരം മുസ്‌ലിം കോഓഡിനേഷന്‍ കമ്മിറ്റി രാജ് ഭവന്‍ മാര്‍ച്ച് നടത്തി. ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയെ അപമാനിച്ച ബിജെപി, സംഘപരിവാര നേതാക്കള്‍ ഉള്‍പ്പെടെ എല്ലാ പ്രവാചക നിന്ദകരെയും മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച്  രാജ് ഭവന് സമീപം ബാരിക്കേഡ് വച്ച് പോലിസ് തടഞ്ഞു.

ആയിരങ്ങള്‍ പങ്കെടുത്ത മാര്‍ച്ച് കോഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കായിക്കര ബാബു ഉദ്ഘാടനം ചെയ്തു. ലോകം ആദരിക്കുന്ന റസൂലിന്റെ വ്യക്തിത്വം ജാതി മതഭേദ മന്യേ എല്ലാവരും അംഗീകരിച്ചതാണ്. എല്ലാ മതങ്ങളെയും അംഗീകരിക്കുന്നതാണ് രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യം. മതങ്ങളെ ആദരിക്കുന്ന പാരമ്പര്യത്തിന് കോട്ടം തട്ടിയാല്‍ വലിയ പ്രതിഷേധങ്ങളുണ്ടാകും. ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. പ്രവാചകനെ തൊട്ട് കളിച്ചാല്‍ അക്കളി തീക്കളിയാവുമെന്നും അദ്ദേഹം ഉദ്ഘാടനത്തില്‍ പറഞ്ഞു.

കോ ഓഡിനേഷന്‍ കമ്മിറ്റിയംഗം ഡോ. എ നിസാറുദ്ദീന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ഇസ്‌ലാമിനെ തള്ളിപ്പറയുന്നവരെ ഗവര്‍ണറാക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഖത്തീബ് ആന്റ് ഖാദി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി പറഞ്ഞു. മതങ്ങളെ അവഹേളിക്കുന്ന അപകടകരമായ പ്രവണതയാണ് രാജ്യത്ത് കാണുന്നതെന്നും പ്രവാചക നിന്ദ ഉള്‍പ്പെടെയുള്ളവ സംഘപരിവാറിന്റെ രാഷ്ട്രീയ പദ്ധതിയാണെന്നും ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ സെക്രട്ടറി അര്‍ഷദ് മുഹമ്മദ് നദ് വി പറഞ്ഞു.

അഡ്വ. എഎംകെ നൗഫല്‍, ഹസന്‍ ബസ്വരി മൗലവി, പി അബ്ദുല്‍ ഹമീദ്, പാനിപ്ര ഇബ്രാഹിം മൗലവി, അര്‍ഷദ് മൗലവി കല്ലമ്പലം, പ്രഫ. എം അബ്ദുല്‍ റഷീദ്, അബ്ദുല്‍ റഷീദ് മൗലവി നേമം, പൂഴനാട് സുധീര്‍, അര്‍ഷദ് ഖാസിമി കാഞ്ഞിരപ്പള്ളി, സൈനുദ്ദീന്‍ മൗലവി കല്ലാര്‍, നദീം വെഞ്ഞാറമൂട്, റഹ്മത്തുല്ല മൗലവി അല്‍ കൗസരി, നാഫിഅ് മൗലവി, നിസാര്‍ മൗലവി കല്ലാട്ട്മുക്ക് എന്നിവര്‍ സംസാരിച്ചു. 

Tags:    

Similar News