കോട്ടമുറി കൊടവത്തുകുന്ന് വൈന്തോട് പാലം റോഡ് പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം

Update: 2020-06-15 16:34 GMT

മാള: കോട്ടമുറി കൊടവത്തുകുന്ന് വൈന്തോട് പാലം റോഡ് പുനര്‍നിര്‍മാണം ആരംഭിക്കാത്തതില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. 2018ല്‍ പ്രളയം കവര്‍ന്നെടുത്ത ഈ റോഡിന്റെ പുനര്‍നിര്‍മാണത്തിന് ഒരു കോടി 16 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ഒരു രൂപ പോലും ഇതിലേക്ക് ചെലവഴിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

കൂടാതെ റോഡിനോട് അനുബന്ധമായ പാലത്തിന് മൂന്ന് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ടെന്‍ഡര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിച്ചെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും പൊതുമരാമത്ത് വകുപ്പിന്റെ അനങ്ങാപ്പാറനയം തുടരുകയാണ്. പാലത്തിന്റെയും റോഡിന്റെയും പുനര്‍നിര്‍മാണത്തിന്റെ കരാര്‍ കാലാവധി രണ്ട് മാസം കഴിയുന്നതോടെ അവസാനിക്കും. ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥക്കെതിരെ പ്രദേശവാസികള്‍ സൂചനാ നില്‍പ്പ് സമരം സംഘടിപ്പിച്ചു. കോട്ടമുറി കൊടവത്തുകുന്ന് വൈന്തോട് പാലം റോഡ് നിര്‍മാണ പ്രവര്‍ത്തികള്‍ ഉടന്‍ പുനരാരംഭിച്ചില്ലെങ്കില്‍ എം എല്‍ എ ഓഫിസ്സിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് പ്രതിഷേധക്കാര്‍ മുന്നറിയിപ്പുനല്‍കി.

പ്രതിഷേധ പരിപാടിയില്‍ വിനോദ് വിതയത്തില്‍ അധ്യക്ഷത വഹിച്ചു. നില്‍പ്പ് സമരം മാള ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ്

ടി കെ ജിനേഷ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് നേതാക്കളായ ദിലീപ് പരമേശ്വരന്‍, സോയ് കോലഞ്ചേരി, വിത്സന്‍ കാഞ്ഞൂത്തറ, പിന്റോ എടാട്ടുകാരന്‍, ഉല്ലാസ് പാട്ടത്തിപറമ്പില്‍, പ്രദേശവാസികളായ ബാബു, ബേബി, ഷാജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സേവ്യര്‍ തളിയിനായത്ത് നന്ദി പറഞ്ഞു. 

Similar News