നഷ്ടപരിഹാരം നല്‍കണം; ആത്മഹത്യ ചെയ്ത രാജിയുടെ കുടുംബവും സമരസമിതിയും മോര്‍ച്ചറിക്ക് മുന്നില്‍ പ്രതിഷേധത്തില്‍

നടപടി ഉറപ്പാക്കാതെ രാജി ശിവന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് സമരസമിതി

Update: 2021-12-21 07:00 GMT

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വിളപ്പില്‍ശാലയില്‍ ആത്മഹത്യ ചെയ്ത ചെറുകിട സംരംഭകയുടെ കുടുംബം മോര്‍ച്ചറിക്ക് മുന്നില്‍ പ്രതിഷേധത്തില്‍. വിളപ്പിലില്‍ശാല സാങ്കേതിക സര്‍വകലാശാല ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് സാമ്പത്തിക പ്രതിസന്ധിയിലായി ആത്മഹത്യ ചെയ്ത രാജി ശിവന്റെ കുടുംബവും മറ്റ് സ്ഥലമുടമകളും സമരസമിതിയുമാണ് പ്രതിഷേധിക്കുന്നത്. രാജിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക, കുടുംബത്തിന്റെ കടബാധ്യതകള്‍ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം.

സാങ്കേതിക സര്‍വകലാശാലക്ക് വേണ്ടി ഏറ്റെടുക്കാന്‍ പ്രമാണം വാങ്ങിവെച്ച മുഴുവന്‍ സ്ഥലവും ഏറ്റെടുക്കണം എന്ന ആവശ്യവും പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നു. നടപടി ഉറപ്പാക്കാതെ രാജി ശിവന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് സമരസമിതി.

വിളപ്പിലില്‍ ചെറുകിട സംരംഭകയായ രാജിക്ക് 58 ലക്ഷത്തിലേറെ രൂപയുടെ കട ബാധ്യതയുണ്ടായിരുന്നു ഹോളോബ്രിക്‌സ് കമ്പനി നടത്തിപ്പിനും മറ്റ് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും എടുത്ത വായ്പയും ചിട്ടിയുമാണ് ബാധ്യത കൂട്ടിയത്. കൊവിഡിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തിരിച്ചടവ് മുടങ്ങി.

വിളപ്പിലില്‍ശാല സാങ്കേതിക സര്‍വകലാശാലക്കായി ഏറ്റെടുക്കുമെന്ന് അറിയിച്ച ഭൂമിയില്‍ മരിച്ച രാജി ശിവന്റെ ഭൂമിയും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് ഏറ്റെടുക്കുന്ന ഭൂമിയുടെ വിസ്തൃതി കുറച്ചതോടെ ഇവരുടെ അടക്കം 126 കുടുംബങ്ങളുടെ ഭൂമി വേണ്ടെന്ന് വെച്ചു. വാങ്ങിവച്ച ഭൂരേഖകള്‍ തിരികെ നല്‍കിയിട്ടില്ല. രേഖകള്‍ സമയത്ത് തിരികെ ലഭിക്കാതായതോടെ ഭൂമി വില്‍ക്കാനോ വായ്പ എടുക്കാനോ കഴിയാത്ത സ്ഥിതിയായി. ഇതോടെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് രാജി ജീവനൊടുക്കിയത്.

Tags: