വാക്ക് പാലിക്കാത്തതില്‍ പ്രതിഷേധം: മഞ്ഞള്‍ കര്‍ഷകര്‍ ബിജെപി എംപിയുടെ വീട്ടുപടിക്കല്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിച്ചു
ഹൈദരാബാദ്: നിസാമാബാദില്‍ മഞ്ഞള്‍ ബോര്‍ഡിനു രൂപം നല്‍കുമെന്ന വാഗ്ദാനം പാലിക്കാത്ത ബിജെപി എംപിക്കെതിരേ മഞ്ഞള്‍ കര്‍ഷകര്‍. പ്രതിഷേധവുമായെത്തിയ കര്‍ഷകര്‍ തങ്ങളുടെ ഉല്‍പ്പനങ്ങള്‍ എംപിയുടെ വീടിനു മുന്നില്‍ ഉപേക്ഷിച്ചു.
ബിജെപി ധര്‍മപുരി എംപി അരവിന്ദാണ് പ്രതിഷേധച്ചൂടറിഞ്ഞത്.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്താണ് മഞ്ഞള്‍ ബോര്‍ഡിനു രൂപം നല്‍കുമെന്ന് അരവിന്ദ് വാഗ്ദാനം ചെയ്തത്. വാഗാദാനം പാലിക്കാനായില്ലെങ്കില്‍ രാജിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
2019ല്‍ ഇക്കാര്യം അദ്ദേഹം ഒരു സ്റ്റാമ്പ് പേപ്പറില്‍ എഴുതി നല്‍കുകയും ചെയ്തു. ഇതിന്റെ നിരവധി കോപ്പികള്‍ മണ്ഡലത്തില്‍ വിതരണം ചെയ്തു.
'അരവിന്ദിന്, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തോളം വരുന്ന മഞ്ഞള്‍ കര്‍ഷകര്‍ക്ക് 1.92 കോടി രൂപ മാത്രമാണ് അനുവദിച്ചത്. അത് തുല്യമായി വിഭജിച്ചാല്‍ ഒരാള്‍ക്ക് 200 രൂപയില്‍ താഴെയാകും. ബോണ്ട് പേപ്പര്‍ വിതരണം ചെയ്ത് കര്‍ഷകരെ കബളിപ്പിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്- പ്രതിഷേധക്കാരനായ ഒരു കര്‍ഷകന്‍ പറഞ്ഞു.