ഇഡി റെയ്ഡിനെതിരായ പ്രതിഷേധം; തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ അറസ്റ്റില്‍

Update: 2026-01-09 09:27 GMT

കൊല്‍ക്കത്ത: രാഷ്ട്രീയ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഐ-പാക്കിന്റെ കൊല്‍ക്കത്ത ഓഫീസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഓഫീസിന് പുറത്ത് പ്രതിഷേധിച്ച നിരവധി തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) എംപിമാരെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തു.

തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ പാര്‍ട്ടികളെ ഭീഷണിപ്പെടുത്താന്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്ര സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് ഡെറക് ഒബ്രയാന്‍, മഹുവ മൊയ്ത്ര, സതാബ്ദി റോയ്, കീര്‍ത്തി ആസാദ് എന്നിവരുള്‍പ്പെടെയുള്ള ടിഎംസി എംപിമാര്‍ മുദ്രാവാക്യം വിളിച്ചു.

അവിടെ എത്തിയ പോലിസ് എംപിമാരെ പിടികൂടി വാനുകളില്‍ കൊണ്ടുപോയി. ഡെറക് ഒബ്രയനെ വലിച്ചിഴയ്ക്കുകയും ചെയ്‌തെന്നാണ് റിപോര്‍ട്ടുകള്‍.

ജനാധിപത്യവിരുദ്ധമായ രീതിയില്‍ തിരഞ്ഞെടുപ്പുകള്‍ ജയിക്കാനുള്ള ശ്രമമാണ് ഈ ആക്രമണമെന്ന് കീര്‍ത്തി ആസാദ് ആരോപിച്ചു.

Tags: