സവര്‍ക്കറുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരേ പ്രതിഷേധം; ഷിമോഗയില്‍ സംഘര്‍ഷം, നാല് പേരെ അറസ്റ്റ് ചെയ്തു
ഷിമോഗ: കര്‍ണാടകയിലെ ഷിമോഗയില്‍ വിനായക് ദാമോദര്‍ സവര്‍ക്കറുടെ ചിത്രം ആലേഖനം ചെയ്ത ബാനറുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ക്കു കുത്തേറ്റു. സംഭവത്തില്‍ നാല് പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഇവരെ കസ്റ്റഡിയിലെടുക്കാനുള്ള പോലിസ് നടപടിക്കിടയില്‍ ഒരാളുടെ കാലില്‍ വെടിയേറ്റു. ഇയാള്‍ പോലിസുകാരെ ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതിയുണ്ട്.
കൂടുതല്‍ സംഘര്‍ഷമുണ്ടാതിരിക്കാന്‍ പോലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജില്ലാ പോലിസ് മേധാവി ബിഎം ലക്ഷ്മി പ്രസാദ് പറഞ്ഞു. അടുത്ത രണ്ട് ദിവസത്തേക്ക് പ്രദേശത്തെ സ്‌കൂളുകള്‍ അടച്ചിടാനു ആവശ്യപ്പെട്ടിട്ടുണ്ട്.
റിപോര്‍ട്ടുകള്‍ പ്രകാരം, ഒരു സംഘം സവര്‍ക്കറുടെ പോസ്റ്റര്‍ നീക്കം ചെയ്യുകയും പകരം ടിപ്പു സുല്‍ത്താന്റെ പോസ്റ്റര്‍ പതിക്കുകയും ചെയ്തു. ഇതിനെ ഒരു വിഭാഗം തടഞ്ഞു. ഇതാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.
ഹര്‍ ഘര്‍ തിരംഗ പ്രചാരണത്തിന്റെ പരസ്യത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കി സര്‍വര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തിയ സംസ്ഥാന ബി.ജെ.പി സര്‍ക്കാരിനെതിരെ ഭരണകക്ഷിയായ ബി.ജെ.പിയും പ്രതിപക്ഷവും തമ്മിലുള്ള വാക് പോരിന്റെ പശ്ചാത്തലത്തിലാണ് ഷിമോഗയിലും അക്രമം നടന്നത്.