പൗരത്വ നിയമത്തിനെതിരേ പ്രതിഷേധം: കസ്റ്റഡിയിലെടുത്ത കുട്ടികളെ വിട്ടയക്കുന്നു
ഇന്നലെ ദാരിയഗഞ്ചിലുണ്ടായ സംഘര്‍ഷത്തില്‍ 42 പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ ഒമ്പത് പേരും കുട്ടികളായിരുന്നു.
ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരേ പ്രതിഷേധിച്ചതിനു ഡല്‍ഹി ജുമാ മസ്ജിദ് പരിസരത്തുനിന്ന് കസ്റ്റഡിയിലെടുത്ത കുട്ടികളെ വിട്ടയക്കുന്നു. ഒന്‍പത് കുട്ടികളെയാണ് ഇതുവരെ വിട്ടയച്ചത്. ഇന്നലെ ദാരിയഗഞ്ചിലുണ്ടായ സംഘര്‍ഷത്തില്‍ 42 പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ ഒമ്പത് പേരും കുട്ടികളായിരുന്നു.
അതസമസം പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ഭീം ആര്‍മിയുടെ നേതാവ് ചന്ദ്രശേഖര്‍ ആസാദിനെയും പോലിസ് കസ്റ്റഡിയില്‍ എടുത്തു. കസ്റ്റഡിയിലെടുത്ത കുട്ടികളെ വിട്ടയക്കാമെങ്കില്‍ കീഴടങ്ങാമെന്ന് ആസാദ് പറഞ്ഞിരുന്നു. ഈ നിബന്ധനയുടെ പശ്ചാത്തലത്തിലാണ് കുട്ടികളെ പോലിസ് വിട്ടയക്കുന്നത്. കീഴടങ്ങുകയാണെന്നും എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം തുടരണമെന്നും ചന്ദ്രശേഖര്‍ ആസാദ് ജനങ്ങളെ അറിയിച്ചിരുന്നു.
മതത്തിന്റെ പേരില്‍ വിഭജനം അനുവദിക്കില്ലെന്നും പൗരത്വ ഭേദഗതി നിയമം മുസ്‌ലിംകളെ ബാധിക്കില്ലെന്ന് പറയുന്നത് നോട്ടുനിരോധനം പാവങ്ങളെ ബാധിക്കില്ലെന്ന് പറയുന്നത് പോലെയാണെന്നും ചന്ദ്രശേഖര്‍ ആസാദ് വ്യക്തമാക്കി.