വി കുഞ്ഞികൃഷ്ണനെതിരായ നടപടിയില്‍ പ്രതിഷേധം; ബ്രാഞ്ച് യോഗം ബഹിഷ്‌കരിച്ച് പ്രവര്‍ത്തകര്‍

Update: 2026-01-30 06:05 GMT

കണ്ണൂര്‍: വി കുഞ്ഞികൃഷ്ണനെതിരായ സിപിഎം നടപടിയില്‍ പ്രതിഷേധം. കൂര്‍ക്കര ബ്രാഞ്ച് യോഗം പ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചു. 12 പേരാണ് യോഗം ബഹിഷ്‌കരിച്ചത്. കുഞ്ഞികൃഷ്ണനെതിരായ നടപടി ശരിയായില്ലെന്നും അതിന് കൂട്ടു നില്‍ക്കാനാവില്ലെന്നുമാണ് പാര്‍ട്ടി അണികളുടെ നിലപാട്. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരും അല്ലാത്തവരും എന്നിങ്ങനെ പ്രവര്‍ത്തകര്‍ രണ്ടു ഭാഗമായി തിരിഞ്ഞതോടെ, സിപിഎമ്മില്‍ വലിയ പൊട്ടിത്തെറിയാണ് രൂപപ്പെട്ടിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് കണ്ണൂരില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ആരോപണം ഉയര്‍ന്നത്. 'തന്റെ മുന്നില്‍ ആദ്യമായി വരുന്നത് ധന്‍രാജ് രക്തസാക്ഷി ഫണ്ടല്ല. ധന്‍രാജ് കൊല്ലപ്പെടുന്നത് 2016 ജൂലായ് 11നാണ്. ഈ വര്‍ഷം തന്നെ ഫണ്ട് പിരിക്കാന്‍ തീരുമാനിച്ചു. പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരാള്‍ കൊല ചെയ്യപ്പെടുമ്പോള്‍ ആ കുടുംബത്തെ അനാഥമാക്കാന്‍ കഴിയില്ലെന്നാണ് പാര്‍ട്ടി തീരുമാനം. കൂടാതെ കുടുംബത്തിന് സഹായമെന്ന നിലയില്‍ ഒരു തുക നിക്ഷേപിക്കാനും തീരുമാനിച്ചു. വീട് നിര്‍മിച്ചു കൊടുക്കലും കേസ് നടത്തലുമായിരുന്നു ഫണ്ട് കൊണ്ടുള്ള ലക്ഷ്യം.'എന്നായിരുന്നു വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തല്‍.

ധന്‍രാജിന്റെ കുടുംബത്തിനുള്ള വീട് നിര്‍മാണമുള്‍പ്പെടെ നടന്നെങ്കിലും 2021വരെയുള്ള കണക്കുകള്‍ അവതരിപ്പിച്ചില്ല. നിയമസഭാ സമ്മേളനത്തിന് മുമ്പുള്ള കണക്ക് ഓഡിറ്റ് ചെയ്യാന്‍ തന്നെ ഏല്‍പ്പിച്ചപ്പോള്‍ വിചിത്രമായ കണക്കാണ് തനിക്ക് ലഭിച്ചതെന്നും ഈ സാഹചര്യത്തിലാണ് ധന്‍രാജ് ഫണ്ട് പരിശോധിക്കുന്നതെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയായിരുന്നു.

Tags: