മനുഷ്യാവകാശ സംരക്ഷണം സ്‌കൂള്‍ തലം മുതല്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍

Update: 2022-12-10 16:28 GMT

തിരുവനന്തപുരം: സ്‌കൂള്‍ തലം മുതല്‍ മനുഷ്യാവകാശ സംരക്ഷണം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ് മണികുമാര്‍. ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, അയ്യങ്കാളി ഹാളില്‍ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാഘോഷം ഉദ്ഘാടനം ചെയ്യക്കുകയായിരുന്നു അദ്ദേഹം. ജാതിക്കും മതത്തിനും അതീതമാണ് മനുഷ്യനും അയാള്‍ക്ക് ജന്മനാ സിദ്ധിച്ച അവകാശങ്ങളുമെന്ന് ജസ്റ്റിസ് മണികുമാര്‍ പറഞ്ഞു.

ലോകത്ത് എവിടെ ജാതിയും മതവും ഉണ്ടായാലും ആശുപത്രികളില്‍ അതുണ്ടാവില്ല. രക്തം സ്വീകരിക്കുമ്പോഴും അവയവം സ്വീകരിക്കുമ്പോഴും ദാതാവിന്റെ ജാതിയും മതവും ആരും നോക്കാറില്ല. കാരണം ആശുപത്രിയില്‍ വലുത് ജീവനാണ്. ഇതേ ബോധ്യം എല്ലാവര്‍ക്കുമുണ്ടായാല്‍ ആരുടെ അവകാശങ്ങളും ലംഘിക്കപ്പെടില്ല. 500 ലധികം ഭാഷകളില്‍ മൊഴിമാറ്റം നടത്തിയതിന്റെ ഗിന്നസ് റെക്കോര്‍ഡിന് അര്‍ഹമായ രേഖയാണ് സാര്‍വലൗകിക മനുഷ്യാവകാശ പ്രഖ്യാപനമെന്ന് ജസ്റ്റിസ് മണികുമാര്‍ പറഞ്ഞു.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കും ഭിന്നശേഷികാര്‍ക്കും കുടിയേറിയവര്‍ക്കുമുള്ള മനുഷ്യാവകാശങ്ങളെ കുറച്ച് തികച്ചും വ്യക്തമായ ഒരടിസ്ഥാനം സൃഷ്ടിക്കാന്‍ മനുഷ്യാവകാശ പ്രഖ്യാപനത്തിന് കഴിഞ്ഞു. 74 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിക്കപ്പെട്ട മനുഷ്യാവകാശ പ്രഖ്യാപനം നിരവധി രാജ്യങ്ങളിലെ ഭരണഘടനയില്‍ ഇടം നേടി. മനുഷ്യാവകാശ പ്രഖ്യാപനം ഫലപ്രദമായി നടപ്പിലാക്കുന്നതിന് സുപ്രീം കോടതി വിവിധ തരം അവകാശങ്ങള്‍ക്ക് കൃത്യമായ വ്യാഖ്യാനങ്ങള്‍ നല്‍കി. സ്വകാര്യത, സൗജന്യ നിയമ സഹായം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ ഭരണഘടനാ തത്വങ്ങള്‍ക്ക് കരുത്തുറ്റ അടിത്തറ പകരാന്‍ സുപ്രീം കോടതിക്ക് കഴിഞ്ഞു.

മനുഷ്യാവകാശ സംരക്ഷണത്തെക്കുറിച്ച് ഓരോരുത്തരും ബോധവാന്‍മാരാകണം. സ്‌കൂളിലും ജോലി സ്ഥലങ്ങളിലും മാത്രമല്ല വീടുകളിലും മനുഷ്യാവകാശം പ്രധാനപ്പെട്ടത് തന്നെയാണ്. മനുഷ്യാവകാശത്തെ കുറിച്ച് ജനങ്ങള്‍ ബോധവാന്‍മാരായാല്‍ നിയമവും നീതിയും നടപ്പിലാക്കാന്‍ എളുപ്പമായിരിക്കും. എന്നാല്‍, അവകാശങ്ങളെ കുറിച്ച് കൂടുതലാളുകളും ബോധവാന്‍മാരല്ല. പാര്‍ശ്വവല്‍ക്കരിക്കപെട്ടവരുടെ മനുഷ്യാവകാശം സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. വിചാരണ തടവുകാരുടെ അവകാശങ്ങളെ കുറിച്ചു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടുത്ത കാലത്ത് സൂചിപ്പിച്ചിരുന്നു. കോടതികളില്‍ വിചാരണയിലിരിക്കുന്ന കാലതാമസമുള്ള കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ മനുഷ്യാവകാശ കമ്മീഷനുകളില്‍ ഏറ്റവും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നത് കേരള മനുഷ്യാവകാശ കമ്മീഷനാണെന്നും അദ്ദേഹം പറഞ്ഞു.

ഭിന്നശേഷിക്കാര്‍ക്കും നിര്‍ദ്ധനര്‍ക്കും ഇതര സംസ്ഥാനകര്‍ക്കും മനുഷ്യാവകാശ സംരക്ഷണം ഉറപ്പാക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു. കമ്മിഷന്‍ അംഗങ്ങളായ വി.കെ. ബീനാകുമാരി, കെ.ബൈജു നാഥ് എന്നിവര്‍ പ്രഭാഷണം നടത്തി.കമ്മീഷന്‍ ഉത്തരവുകള്‍ നടപ്പിലാക്കാന്‍ സംവിധാനം വേണമെന്ന് ജുഡീഷ്യല്‍ അംഗം കെ

ബൈജുനാഥ് ആവശ്യപ്പെട്ടു. മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുകള്‍ നടപ്പിലാക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സെക്രട്ടറിതല യോഗത്തില്‍ നടപടിയെടുക്കുന്നുണ്ടെന്ന് നിയമ സെക്രട്ടറി വി.ഹരി നായര്‍ പറഞ്ഞു. ഭരണഘടനാ സാക്ഷരത സംസ്ഥാനത്ത് നടപ്പിലാക്കാന്‍ നടപടിയെടുത്തതായും അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യത മനുഷ്യര്‍ക്കെന്ന പോലെ ഭരണകൂടങ്ങള്‍ക്കുമുണ്ടെന്ന് ഡിജിപി ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു.

ലഹരി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണമാണെന്ന് ബാലാവകാശ കമ്മീഷന്‍ മുന്‍ അധ്യക്ഷ ശോഭാ കോശി പ്രഭാഷണത്തില്‍ പറഞ്ഞു.കമ്മീഷന്‍ സെക്രട്ടറി എസ്.എച്ച്. ജയകേശന്‍ സ്വാഗതവും രജിസ്ട്രാര്‍ ജി എസ് ആശ നന്ദിയും പറഞ്ഞു.നിരവധി ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു. കമ്മീഷന്‍ സംഘടിപ്പിച്ച ഉപന്യാസ മത്സരത്തില്‍ സമ്മാനര്‍ഹരായ പി.എം. അഖിലശ്രീ (ഒന്നാം സ്ഥാനം)എം. സ്‌നേഹാ മോഹന്‍ (രണ്ട്) അലീനാ റോസ് ജോസ്, കെ ആര്‍ അനിത (മൂന്നാം സ്ഥാനം) എന്നിവര്‍ ജസ്റ്റിസ് എസ് മണികുമാറില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.

Tags: