കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരേ വക്കീല്‍ നോട്ടിസ്

Update: 2020-05-19 09:08 GMT

പരപ്പനങ്ങാടി: കോണ്‍ഗ്രസ് നെടുവ മണ്ഡലം പ്രസിഡന്റ് പി ഒ സലാമിനെതിരേ വക്കീല്‍ നോട്ടീസ്. സമൂഹ മാധ്യമത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തി എന്ന് കാണിച്ച് പരപ്പനാട് ഡവലപ്‌മെന്റ് ഫോറം ( പിഡിഎഫ്) ജന. സെക്രട്ടറി അബ്ദുല്‍ റഹീം തോട്ടത്തിലാണ് ഹൈക്കോടതി അഭിഭാഷകന്‍ സിജെ ആന്റണി ലോയഡ് മുഖേന വക്കീല്‍ നോട്ടീസയച്ചത്. താന്‍ അഴിമതിക്കാരനാണെന്നും അനധികൃതമായി കാര്യ ലാഭത്തിന് വേണ്ടി ചെക്ക് വാങ്ങിയതിന് തെളിവുണ്ടെന്നും  മാനസിക രോഗിയാണെന്നും പറഞ്ഞ് തന്നെ സലാം സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തിയിട്ടുണ്ടെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.



സലാമിന്റെ ഭാര്യ കൗണ്‍സിലര്‍ റസിയയുടെ വാട്‌സ് ആപ് നമ്പറില്‍ നിന്നാണ് സലാം സംസാരിച്ചതെന്നും നോട്ടീസില്‍ പരാമര്‍ശമുണ്ട്. സലാം പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം തരണമെന്നും  മാപ്പ് പറയണമെന്നും അല്ലെങ്കില്‍ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുമെന്നും നോട്ടീസില്‍ പറയുന്നു.