വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്ത് സ്ത്രീയുടേത് മാത്രം: അലഹബാദ് ഹൈക്കോടതി
അലഹബാദ്: വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്ത്രീധനം അവളുടെ ഏകസ്വത്താണെന്നും അതില്‍ ഭര്‍ത്താവിനോ വീട്ടുകാര്‍ക്കോ യാതൊരു അവകാശവുമില്ലെന്നും വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി. ഈ സ്വത്ത് കൈവശം വെക്കുന്നതിനെ അടിസ്ഥാനപ്പെടുത്തി സ്ത്രീക്കെതിരേ ക്രിമിനല്‍ കേസ് എടുക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. വിവാഹസമയത്ത് ലഭിക്കുന്ന സ്വത്ത് ഭാര്യയുടെയും ഭര്‍ത്താവിന്റെയും സംയുക്ത സ്വത്തല്ലെന്നും, അത് സ്ത്രീയുടെ വ്യക്തിഗത ഉടമസ്ഥതയിലാണെന്നും കോടതി വ്യക്തമാക്കി.
അനാമിക തിവാരി എന്ന യുവതിക്കെതിരേ ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് ജസ്റ്റിസ് ചവാന്‍ പ്രകാശിന്റെ നിര്‍ണായക ഉത്തരവ്. 2012ല്‍ വിവാഹിതയായ അനാമിക നേരത്തെ സ്ത്രീധന പീഡനത്തിന് ഭര്‍ത്താവിനെതിരേ കേസ് നല്‍കിയിരുന്നു. പിന്നാലെ, ഭാര്യ വീട്ടില്‍ നിന്നു പണവും ആഭരണങ്ങളും എടുത്തുവെന്ന് ആരോപിച്ച് ഭര്‍ത്താവും പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കീഴ്‌ക്കോടതി പുറപ്പെടുവിച്ച സമന്‍സ് ഹൈക്കോടതി റദ്ദാക്കി. സ്വന്തം ഉടമസ്ഥതയിലുള്ള ആഭരണങ്ങള്‍ കൈവശം വെക്കുന്നതോ എടുത്തുകൊണ്ടുപോകുന്നതോ വിശ്വാസവഞ്ചനയായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
ഐപിസി സെക്ഷന്‍ 405, 406 പ്രകാരം, മറ്റൊരാള്‍ക്ക് കൈമാറിയ സ്വത്ത് ദുരുപയോഗം ചെയ്താല്‍ മാത്രമാണ് ക്രിമിനല്‍ വിശ്വാസവഞ്ചന കുറ്റം രൂപപ്പെടുകയെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ സ്ത്രീധനം സ്ത്രീയുടെ സ്വന്തം സ്വത്തായതിനാല്‍, ഈ വ്യവസ്ഥകള്‍ ഇവിടെ ബാധകമല്ലെന്നും വിധിയില്‍ വ്യക്തമാക്കുന്നു. അത്യാവശ്യ സാഹചര്യങ്ങളില്‍ ഭര്‍ത്താവിന് ഈ സ്വത്ത് ഉപയോഗിക്കാമെങ്കിലും, അത് തിരികെ നല്‍കാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ടെന്നും കോടതി നിരീക്ഷിച്ചു.