നോര്‍ക്കയുടെ സോഷ്യല്‍ മീഡിയ പോസ്റ്ററുകള്‍ ഉപയോഗിച്ച് വ്യാജപ്രചരണം; നിയമനടപടി സ്വീകരിക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ്

Update: 2023-02-10 06:28 GMT

തിരുവനന്തപുരം: നോര്‍ക്കയുടെ സോഷ്യല്‍ മീഡിയ പോസ്റ്ററുകള്‍ ഉപയോഗിച്ചിച്ച് വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ അറിയിച്ചു. നോര്‍ക്ക റൂട്ട്‌സിന്റെ ചില സോഷ്യല്‍ മീഡിയ പോസ്റ്ററുകളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഉള്‍പ്പെടുത്തി തെറ്റിദ്ധാരണ പരത്തുന്ന ചില അറിയിപ്പുകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്രവാസി ക്ഷേമനിധിയിലും നോര്‍ക്ക റൂട്ട്‌സിലും അംഗത്വം എടുത്താല്‍ മാത്രമേ പ്രവാസി ലോണ്‍ ലഭിക്കുകയുള്ളൂ എന്ന തരത്തിലുള്ള സന്ദേശങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇത് ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്.

നോര്‍ക്കയുടെ പദ്ധതികളേയും പരിപാടികയളേയും പറ്റി പ്രചാരണം നടത്തുന്നത് നോര്‍ക്ക റൂട്ട്‌സ് തന്നെയാണ്. ഇതിനായി ഏതെങ്കിലും വ്യക്തികളേയോ സ്ഥാപനങ്ങളേയോ ചുമതലപ്പെടുത്തിയിട്ടില്ല. തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍, വഞ്ചനയ്ക്കും ധനനഷ്ടത്തിനും ഇരയാവാതെ എല്ലാവിധ വ്യാജപ്രചാരണങ്ങളില്‍ നിന്നും വാഗ്ദാനങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കണമെന്ന് പൊതുജനങ്ങളോടും പ്രത്യേകിച്ച് പ്രവാസി സമൂഹത്തോടും നോര്‍ക്ക റൂട്ട്‌സ് അഭ്യര്‍ഥിച്ചു.

എന്നാല്‍, നോര്‍ക്കയുടെ വാര്‍ത്തകളും അറിയിപ്പുകളും സോഷ്യല്‍ മീഡിയ കണ്ടന്റുകളും ഉദ്ദേശശുദ്ധിയോടെ ഷെയര്‍ ചെയ്യുന്നവരോട് നോര്‍ക്ക റൂട്ട്‌സിന് നന്ദിയുണ്ട്. നോര്‍ക്കയുടെ പദ്ധതികളെയും ക്ഷേമ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് വിശദാംശങ്ങള്‍ക്കായി നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റായ www.norkaroots.org സന്ദര്‍ശിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്തുനിന്നും മിസ്ഡ് കോള്‍ സര്‍വീസ്) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

Tags: