പ്രമുഖ നാടക പ്രവര്‍ത്തകന്‍ കെ കെ സുബ്രഹ്‌മണ്യന്‍ അന്തരിച്ചു

Update: 2020-10-18 12:02 GMT
മാള(തൃശൂര്‍): പ്രമുഖ നാടക കലാകാരന്‍ കെ കെ സുബ്രഹ്‌മണ്യന്‍(58) അന്തരിച്ചു. ഞായറാഴ്ച രാവിലെ എട്ടോടെ അയല്‍വാസികളാണ് വീട്ടിലെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടത്. ദീര്‍ഘകാലമായി ഹൃദ്രോഗത്തിന് ചികില്‍സയിലായിരുന്നു. അവിവാഹിതനാണ്. വീട്ടില്‍ തനിച്ചാണ് താമസം. മാള പോലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. കൊവിഡ് പരിശോധനക്കായി മൃതദേഹം കൊടുങ്ങല്ലൂര്‍ ഗവ. ആശുപത്രിയിലേക്ക് മാറ്റി.

    തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നാണ് നാടകപഠനം പൂര്‍ത്തിയാക്കിയത്. പ്രമുഖ ചലച്ചിത്ര-നാടക പ്രവര്‍ത്തകരായ പ്രഫ. ധരമേഷ് വര്‍മ, മനു ജോസ്, കുക്കു പരമേശ്വരന്‍, പ്രേം പ്രസാദ് തുടങ്ങിയവര്‍ സഹപാഠികളായിരുന്നു. അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ മോഹന്‍ രാഘവന്‍ സഹപാഠിയും സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്നു. കുഴിക്കാട്ടുശ്ശേരി ഗ്രാമികയില്‍ വര്‍ഷം തോറും നടത്തിവരുന്ന കുട്ടികളുടെ വേനല്‍മഴ നാടക പരിശീലനക്കളരിക്ക് മോഹന്‍ രാഘവനും കെ കെ സുബ്രഹ്‌മണ്യനുമാണ് നേതൃത്വം നല്‍കിയിരുന്നത്. മോഹന്റെ മരണശേഷം സുബ്രഹ്‌മണ്യനായിരുന്നു ക്യാംപ് ഡയറക്ടര്‍.

   

ഗ്രാമികയിലെ വേനല്‍മഴ ക്യാംപ് ഉദ്ഘാടന വേദിയില്‍ വേണുജി, കെ വി രാമനാഥന്‍ മാസ്റ്റര്‍, ഇ കെ ദിവാകരന്‍ പോറ്റി, ടി എം എബ്രഹാം എന്നിവര്‍ക്കൊപ്പം കെ കെ സുബ്രഹ്‌മണ്യന്‍

    ക്യാംപിന്റെ ഭാഗമായി കുട്ടികളുടെ നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്. ക്യാംപിലെ കുട്ടികള്‍ പങ്കെടുക്കുന്ന സ്വപ്നമരം എന്ന ടെലിഫിലിമും സംവിധാനം ചെയ്തിട്ടുണ്ട്. ഗ്രാമിക കലാവേദിക്ക് വേണ്ടി സംവിധാനം ചെയ്ത് അവതരിപ്പിച്ച മഹാശ്വേതാദേവിയുടെ 'സത്യം അസത്യം', വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബാല്യകാല സഖി', ഇടശ്ശേരിയുടെ 'പൂതപ്പാട്ട്' എന്നീ നാടകങ്ങളും അഷ്ടമിച്ചിറ തേര്‍ഡ് ഐ തിയേറ്റര്‍ ഗ്രൂപ്പിനു വേണ്ടി ചെയ്ത ശ്രീകണ്ഠന്‍ നായരുടെ 'ലങ്കാ ലക്ഷ്മി', വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാര്‍ഗ്ഗവീ നിലയം' എന്നീ നാടകങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്നമനട ഓഫ് സ്റ്റേജ്, ശാസ്ത്രസാഹിത്യ പരിഷത്ത്, തുമ്പാക്കോട് സെന്റ് ജോര്‍ജ് സ്‌ക്കൂള്‍ തുടങ്ങി നിരവധി സംഘടനകള്‍ക്കു വേണ്ടി നാടകങ്ങളും തെരുവുനാടകങ്ങളും ചെയ്തിട്ടുണ്ട്. ചാലക്കുടി പനമ്പിള്ളി കോളജ്, ആളൂര്‍ എസ് എന്‍ വി ഹൈസ്‌സൂള്‍ ഉള്‍പ്പെടെയുള്ള കലാലയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ നാടക ശില്‍പശാലകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.




Tags: