ഓപറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്ത പ്രഫസര്‍ അലി ഖാന്‍ മഹ്‌മൂദാബാദിന്റെ ഇടക്കാല ജാമ്യം നീട്ടി

Update: 2025-05-28 09:11 GMT

ന്യൂഡല്‍ഹി: അശോക സര്‍വകലാശാല പ്രഫസര്‍ അലി ഖാന്‍ മഹ്‌മൂദാബാദിന്റെ ഇടക്കാല ജാമ്യം നീട്ടി സുപ്രിംകോടതി. കേസുമായി ബന്ധപ്പെട്ടോ പാകിസ്താനെതിരായ ഇന്ത്യയുടെ സൈനിക നടപടിയുമായോ ബന്ധപ്പെട്ട ഒന്നും പോസ്റ്റ് ചെയ്യരുതെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നതെന്ന് കോടതി കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്.

ഓപറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചെന്നാരോപിച്ചാണ് അശോക സര്‍വകലാശാല പ്രൊഫസര്‍ അലി ഖാന്‍ മഹ്‌മൂദാബാദിനെ പോലിസ് അറസ്റ്റ് ചെയ്തത്. മെയ് 21ന് അദ്ദേഹത്തിന് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.

ഹരിയാന സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ രേണു ഭാട്ടിയയുടെ പരാതിയിലും ഗ്രാമ സര്‍പഞ്ചിന്റെ പരാതിയിലുമായിരുന്നു അലി ഖാന്‍ മഹ്‌മൂദാബാദിനെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ബിഎന്‍എസ് സെക്ഷന്‍ 152 (ഇന്ത്യയുടെ പരമാധികാരത്തെയോ ഐക്യത്തെയും സമഗ്രതയെയും അപകടപ്പെടുത്തുന്ന പ്രവൃത്തികള്‍), 353 (പൊതുജനങ്ങളെ കുഴപ്പത്തിലാക്കുന്ന പ്രസ്താവനകള്‍), 79 (ഒരു സ്ത്രീയുടെ എളിമയെ അപമാനിക്കാന്‍ ലക്ഷ്യമിട്ടുള്ള മനഃപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍), 196 (1) (മതത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

Tags: