ഓപറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്ത പ്രൊഫസര്‍ അലി ഖാന്‍ മഹ്‌മൂദാബാദിന് ഇടക്കാല ജാമ്യം

Update: 2025-05-21 07:38 GMT

ന്യൂഡല്‍ഹി: ഓപറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്ത അശോക സര്‍വകലാശാല പ്രൊഫസര്‍ അലി ഖാന്‍ മഹ്‌മൂദാബാദിന് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സുപ്രീംകോടതിയില്‍ അലി ഖാന്‍ നല്‍കിയ ഹരജി അടിയന്തരമായി പരിഗണിക്കുമെന്ന് കോടതി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ജാമ്യം. ഹരിയാന പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലാണ് അധ്യാപകന് ജാമ്യം.

അന്വേഷണം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച കോടതി, കേസ് അന്വേഷിക്കാന്‍ ഐജി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ മൂന്നംഗ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കാന്‍ ഹരിയാന ഡിജിപിയോട് നിര്‍ദ്ദേശിച്ചു.

കേസിന് വിഷയമായ സോഷ്യല്‍ മീഡിയ പോസ്റ്റുകളുമായി ബന്ധപ്പെട്ട് ഏതെങ്കിലും പോസ്റ്റുകളോ ലേഖനങ്ങളോ എഴുതുന്നതില്‍ നിന്നും ഓപറേഷന്‍ സിന്ദൂറിനെക്കുറിച്ച് അഭിപ്രായം പറയുന്നതില്‍ നിന്നും കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.




Tags: