ഇലക്ട്രേണിക് വോട്ടിങ് മെഷീന്റെ ഉപയോഗത്തെക്കുറിച്ച് രാഷ്ട്രീയപ്പാര്‍ട്ടികള്‍ പുനരാലോചിക്കണമെന്ന് പ്രിയങ്കാഗാന്ധി

Update: 2021-04-02 07:28 GMT

ന്യൂഡല്‍ഹി: ഇലക്ടോണിക് വോട്ടിങ് മെഷീന്‍ തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് രാഷ്ട്രീയപ്പാര്‍ട്ടികള്‍ പുനരാലോചിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി വദ്ര. അസമില്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പിനുശേഷം സ്ഥാനാര്‍ത്ഥിയുടെ കാറില്‍ നിന്ന് വോട്ടിങ് യന്ത്രം കണ്ടെത്തിയ സാഹചര്യത്തിലാണ് പ്രിയങ്കുടെ പ്രതികരണം. വോട്ടിങ് യന്ത്രത്തെക്കുറിച്ച് നിരവധി പരാതികള്‍ പല ഘട്ടങ്ങളിലും പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഇത്രയും വ്യക്തമായ നിലപാടുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തുവരുന്നത് ഇതാദ്യമാണ്.

പതാര്‍കണ്ഡി മണ്ഡലത്തിലെ ഒരു ബൂത്തിലെ മെഷീനാണ് സ്ഥാനാര്‍ത്ഥിയുടെ കാറില്‍ നിന്ന് കണ്ടെത്തിയത്. കാറില്‍ യന്ത്രം സൂക്ഷിച്ച വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു.

സംഭവത്തിനുശേഷം നിരവധി ട്വീറ്റുകള്‍ പ്രിയങ്ക പങ്കുവച്ചിരുന്നു. ഏത് സമയത്ത് മെഷീന്‍ കണ്ടെത്തിയ സംഭവം ഉണ്ടായാലും അതില്‍ ബിജെപിയുടെ സാന്നിധ്യമുണ്ടാകുമെന്ന് അവര്‍ ആരോപിച്ചു.

'ഓരോ തവണയും സ്വകാര്യവാഹനങ്ങളില്‍ ഇവിഎം കൊണ്ടുപോകുന്ന വീഡിയോ കാണുമ്പോളും അതിലൊക്കെ ചില കാര്യങ്ങള്‍ പൊതുവായി ഉണ്ടാകാറുണ്ട്; 1. ആ വാഹനങ്ങള്‍ സാധാരണയായി ബിജെപി സ്ഥാനാര്‍ത്ഥികളുടെയോ അവരുടെ കൂട്ടാളികളുടേതോ ആണ്. 2. വീഡിയോകള്‍ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കുകയും തള്ളിക്കളയുകയും ചെയ്യുന്നു 3. വീഡിയോകള്‍ പുറത്തുവിട്ടവരെ പരാജയഭീതിയുള്ളവരെന്ന് ആക്ഷേപിക്കുന്നു.'' പ്രിയങ്ക ട്വീറ്റ് ചെയ്തു.

സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. തുടര്‍ന്നാണ് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്ന വിഷയത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടകള്‍ പുനരാലോചനയ്ക്ക് തയ്യാറാവണമെന്ന ആവശ്യവുമായി അവര്‍ രംഗത്തുവന്നത്.

വോട്ടിങ് മെഷീനുമായി യാത്ര ചെയ്ത സ്ഥാനാര്‍ത്ഥിയുടെ കാറ് ആക്രമിച്ച തിരിച്ചറിഞ്ഞിട്ടില്ലാത്തവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.

തങ്ങളുടെ വാഹനം കേടായതുകൊണ്ടാണ് സ്ഥാനാര്‍ത്ഥിയുടെ വാഹനത്തില്‍ യാത്ര ചെയ്തതെന്നാണ് പോളിങ് ഉദ്യോഗസ്ഥര്‍നല്‍കിയ വിശദീകരണം. സംഭവത്തില്‍ 4 പേര്‍ക്കെതിരേ കമ്മീഷന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

Tags: