കെ മുരളീധരന്റെ പ്രതിഷേധത്തിന് പരിഹാരം; പ്രിയങ്ക ഗാന്ധി മൂന്നിന് നേമത്ത്

Update: 2021-03-31 11:25 GMT

തിരുവനന്തപുരം: സമയക്കുറവ് മൂലം എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നേമം മണ്ഡലത്തിലെ റോഡ് ഷോയ്ക്ക് എത്താത്തതിലുള്ള കെ മുരളീധരന്റെ നീരസത്തിന് പരിഹാരമായി. ഏപ്രില്‍ മൂന്നിന് നേമത്തും കഴക്കൂട്ടത്തും പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ റോഡ് ഷോ നടക്കും. ഇന്നലെ നേമം മണ്ഡലത്തില്‍ നടത്താനിരുന്ന റോഡ് ഷോ സമയക്കുറവു മൂലം മാറ്റിയിരുന്നു. ഇതില്‍ കെ മുരളീധരന്‍ തന്റെ പ്രതിഷേധം പാര്‍ട്ടി നേതൃത്വത്തെയും പ്രിയങ്കയെയും അറിയിച്ചു. നേമത്ത് പ്രിയങ്ക എത്താതിരുന്നാല്‍ എതിരാളികള്‍ അതിന് തെറ്റായ വ്യാഖ്യാനം നല്‍കുമെന്ന് കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സംഘപരിവാറിനെതിരേ പോരാടുന്ന നേമത്ത് പ്രിയങ്ക വരുന്നില്ലെന്ന് തെറ്റായ പ്രാചാരണം നടക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ നേമത്തും കഴക്കൂട്ടത്തും മൂന്നിന് നടത്തുമെന്ന് കെപിസിസി നേതൃത്വം വ്യക്തമാക്കി.

തലസ്ഥാനത്ത് ഇന്നലെ വെഞ്ഞാറമൂട്ടിലും കാട്ടാക്കടയിലും പ്രചാരണ ശേഷം വട്ടിയൂര്‍ക്കാവിലും പൂജപ്പുരിയിലും റോഡ് ഷോ നടത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ പൂന്തുറയിലെ റോഡ് ഷോ കഴിഞ്ഞ് പ്രിയങ്ക ഗാന്ധി എത്തിയപ്പോഴേയും ഏറെ വൈകിയിരുന്നു. അതോടെ, ആറ്റുകാല്‍ ക്ഷേത്രം സന്ദര്‍ശിച്ച്് പ്രിയങ്ക ഗാന്ധി മടങ്ങുകയായിരുന്നു.

Tags: