ആര്‍എസ്എസിനെതിരേ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്നാരോപണം; പ്രിയങ്ക് ഖാര്‍ഗെയ്ക്ക് നോട്ടിസ്
ബെംഗളൂരു: ആര്‍എസ്എസിനെതിരേ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച് ഗ്രാമവികസന, പഞ്ചായത്ത് രാജ്, ഐടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ, ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടുറാവു, കര്‍ണാടക യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് മുഹമ്മദ് ഹാരിസ് നാലപ്പാട് എന്നിവര്‍ക്ക് സിറ്റി മജിസ്ട്രേറ്റ് കോടതി നോട്ടിസ് അയച്ചു. ആര്‍എസ്എസ് അംഗമായ തേജസ് എ എന്നയാള്‍ സമര്‍പ്പിച്ച സ്വകാര്യ പരാതിയിലാണ് കോടതി മൂന്ന് പേര്‍ക്കും നോട്ടിസ് അയച്ചത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 356(2) പ്രകാരമാണ് പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിഎന്‍എസ്എസ് നിയമങ്ങള്‍ പ്രകാരം പരാതിക്കാരന്റെയും സാക്ഷികളായ മഹേഷിന്റെയും സതീഷിന്റെയും മൊഴികള്‍ കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.
ബിഎന്‍എസ്എസ് 2023 ലെ സെക്ഷന്‍ 223 പ്രകാരം കേസ് സ്വീകരിക്കുന്നതിന് മുമ്പ് പ്രതികളുടെ മൊഴികള്‍ കേള്‍ക്കേണ്ടത് നിര്‍ബന്ധമായതിനാലാണ് നോട്ടിസ് അയയ്ക്കുന്നതെന്ന് കോടതി പറഞ്ഞു. അതേസമയം. കേസിന്റെ വാദം കേള്‍ക്കല്‍ ജനുവരി 14 ലേക്ക് മാറ്റി.