കേന്ദ്ര ഭരണപ്രദേശങ്ങളിലെ വൈദ്യുതി കമ്പനികളുടെ സ്വകാര്യവല്‍ക്കരണം; ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരണത്തിനുള്ള തീവെട്ടിക്കൊള്ളയെന്ന് ഡോ. തോമസ് ഐസക്

Update: 2022-01-16 09:23 GMT

ഡോ. ടി എം തോസ് ഐസക്

തിരുവനന്തപുരം; മൂന്ന് കേന്ദ്ര ഭരണപ്രദേശങ്ങളിലെ വൈദ്യുതി വിതരണകമ്പികളുടെ സ്വകാര്യവല്‍ക്കരണം വരുന്ന തിരഞ്ഞെടുപ്പിനു ഉപയോഗിക്കാനുള്ള ഫണ്ട് ശേഖരണത്തിന്റെ ഭാഗമെന്ന് ഡോ. തോസ് ഐസക്. ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പിലാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെതിരേ രംഗത്തുവന്നത്. ഛണ്ഡീഗഢ്, പോണ്ടിച്ചേരി, കശ്മീര്‍ അടക്കമുള്ള മൂന്ന് കേന്ദ്ര ഭരണപ്രദേശങ്ങളിലെ വൈദ്യുതി വിതരണകമ്പനികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള ടെണ്ടര്‍ ഉറപ്പിച്ചത്.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതിവിതരണ കമ്പനികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനു ടെണ്ടര്‍ ഉറപ്പിച്ചു. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ന്യായീകരണം ഇങ്ങനെയാണ്:

'ഈ മേഖല അഭിമുഖീകരിക്കുന്ന കാര്യക്ഷമതാ പ്രശ്‌നങ്ങള്‍ക്കുള്ള ഏറ്റവും നല്ല പരിഹാരം വൈദ്യുതി വിതരണ മേഖലയില്‍ മത്സരം ഉറപ്പാക്കുകയാണ്. വിതരണ മേഖലയാണ് ഇന്ത്യയിലെ വൈദ്യുതി വിതരണ മേഖലയിലെ ഏറ്റവും ദുര്‍ബലമായ കണ്ണി.... കൃത്യമായി ബില്ല് കൊടുക്കാതിരിക്കുക, പിരിക്കാതിരിക്കുക, സംസ്ഥാന സര്‍ക്കാരുകള്‍ വലിയ കുടിശിക വരുത്തുക, ഇവയെല്ലാംമൂലം സര്‍ക്കാര്‍ ഉടമസ്ഥതതയിലുള്ള ഡിസ്‌കോം അഥവാ വിതരണകമ്പനികള്‍ വലിയ നഷ്ടത്തിലാണ്. ഇത് മൊത്തം വൈദ്യുതി മേഖലയുടെ നിലനില്‍പ്പിനുനേരെ വെല്ലുവിളി ഉയര്‍ത്തുന്നു.'

ഇപ്പോള്‍ വില്‍ക്കാന്‍ പോകുന്ന ചണ്ഡിഗഢ് ഡിസ്‌കോമിന്റെ വസ്തുതകള്‍ പരിശോധിച്ചാല്‍ എത്ര അബദ്ധജഡിലമാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാടെന്നു വ്യക്തമാകും:

ഒന്ന്) പൊതുമേഖലാ കമ്പനി നഷ്ടത്തിലല്ല. വമ്പന്‍ ലാഭത്തിലാണ്. 2,01,516 മുതല്‍ ഓരോ വര്‍ഷവുമുള്ള ലാഭത്തിന്റെ കണക്ക് കാണൂ 100 കോടി രൂപ (2,01,516), 196 കോടി രൂപ (2,01,617), 258 കോടി രൂപ (2,01,718), 117 കോടി രൂപ (2,01,819), 151 കോടി രൂപ (2,01,920), 225 കോടി രൂപ (2,02,021). എവിടെയാണ് നഷ്ടം?

രണ്ട്) കേന്ദ്രസര്‍ക്കാര്‍ വിതരണനഷ്ടം കുറയ്ക്കുന്നതിന് ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുള്ളത് 15 ശതമാനം വൈദ്യുതിയാണ്. ചണ്ഡിഗഡിലെ പൊതുമേഖലാ വിതരണ കമ്പനിയുടെ വിതരണ നഷ്ടം 9.5 ശതമാനം മാത്രമാണ്. എവിടെയാണ് കാര്യക്ഷമതാ കുറവ്?

മൂന്ന്) ഇന്ത്യാ രാജ്യത്തെ ഏറ്റവും താഴ്ന്ന താരിഫ് നിരക്കുകളിലൊന്നാണ് ചണ്ഡിഗഡിലേത്. 150 യൂണിറ്റു വരെയുള്ളതിന് പഞ്ചാബില്‍ 3.49 രൂപയും, ഹരിയാനയില്‍ 2.50 രൂപയുമാണ്. ചണ്ഡിഗഡില്‍ 2.5 രൂപയും. പഞ്ചാബില്‍ 300 യൂണിറ്റിലധികമുള്ള ഉപഭോക്താവിന് 7.30 രൂപ കൊടുക്കേണ്ടി വരും. ഹരിയാനയില്‍ 500 യൂണിറ്റിലധികമുള്ള ഉപഭോക്താവ് 7.10 രൂപ കൊടുക്കണം. ചണ്ഡിഗഡില്‍ 400 യൂണിറ്റിലധികമുള്ള ഉപഭോക്താവിന് 4.65 രൂപയേയുള്ളൂ. സ്വകാര്യവല്‍ക്കരണംകൊണ്ട് ചണ്ഡിഗഡിലെ ഉപഭോക്താവിനു നഷ്ടമായിരിക്കും. വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിക്കാനാണു സാധ്യത.

ഇങ്ങനെ കാര്യക്ഷമത ഉയര്‍ന്നതും ലാഭകരവുമായ ചണ്ഡിഗഡിലെ വൈദ്യുതി വിതരണ പൊതുമേഖലാ കമ്പനിയെ 800 കോടി രൂപയ്ക്കാണ് കല്‍ക്കട്ടയിലെ ഒരു സ്വകാര്യ കമ്പനിക്കു വില്‍ക്കുവാന്‍ പോകുന്നത്. നാലുവര്‍ഷംകൊണ്ട് കൊടുക്കുന്ന പണം പുതിയ കമ്പനിക്കു മുതലാകും.

തീര്‍ന്നില്ല, ഇതുവരെ ചണ്ഡിഗഡ് പൊതുമേഖലാ കമ്പനിയുടെ ആസ്തികള്‍ എത്രയെന്ന് പുറത്തുപറഞ്ഞിട്ടില്ല. കാരണം അവ വില്‍ക്കുന്നില്ല പോലും. പാട്ടത്തിനു കൊടുക്കുകയാണ്. കാലയളവ് 90 വര്‍ഷം. വിറ്റതിനു തുല്യം. ഒരു വിദഗ്ദന്‍ അഭിപ്രായപ്പെട്ടത് ഒരുലക്ഷം കോടി രൂപയിലേറെയെങ്കിലും ഈ നഗരസ്വത്തുക്കള്‍ക്കു വില വരുമെന്നാണ്. പോട്ടെ, പകുതിയെങ്കിലും വില വന്നാല്‍ എന്തൊരു കൊള്ളലാഭമാണ് ഈ കമ്പനിക്ക് കിട്ടുന്നത്. ഈ സ്വത്ത് മുഴുവന്‍ ഈടുവച്ച് 800 കോടി നല്‍കുന്നതിന് ഒരു പ്രയാസവും ഉണ്ടാവില്ല.

എന്തിന് ഇവ വിറ്റു തുലയ്ക്കണം? കൃഷിക്കാരോടുള്ള വാശി തീര്‍ക്കുകയാണ്. വൈദ്യുതി നിയമം പാസ്സായില്ലെങ്കിലും സ്വകാര്യവല്‍ക്കരണം തുടരും. ശിങ്കിടികള്‍ക്കാണ് ഈ സ്വത്ത് നല്‍കുന്നത്. ഇതിന്റെ കമ്മീഷന്‍ ഇലക്ടോറല്‍ ബോണ്ട് വഴി ബിജെപിക്കു ലഭിച്ചുകൊള്ളും. കേന്ദ്ര ബജറ്റിനു പണം സമാഹരിക്കുക മാത്രമല്ല, ബിജെപിയുടെ ഇലക്ഷന്‍ ഫണ്ട് ശേഖരണത്തിനുകൂടിയാണ് ഈ തീവെട്ടിക്കൊള്ളകള്‍. 

Full View

Tags:    

Similar News