പന്നിയങ്കര ടോളില്‍ ചൊവ്വാഴ്ച വരെ സ്വകാര്യ ബസുകള്‍ക്ക് ടോള്‍ ഈടാക്കില്ല

നെന്മാറ വേല,എസ്എസ്എല്‍സി പരീക്ഷ എന്നിവ പ്രമാണിച്ചാണ് സ്വകാര്യ ബസ്സുകള്‍ക്കുള്ള ഇളവ് അനുവദിച്ചത്

Update: 2022-04-02 04:21 GMT

പാലക്കാട്: പന്നിയങ്കര ടോളില്‍ ചൊവ്വാഴ്ച വരെ സ്വകാര്യ ബസ്സുകളില്‍ നിന്ന് ടോള്‍ ഈടാക്കില്ല.നെന്മാറ വേല,എസ്എസ്എല്‍സി പരീക്ഷ എന്നിവ പ്രമാണിച്ചാണ് സ്വകാര്യ ബസ്സുകള്‍ക്കുള്ള ഇളവ് അനുവദിച്ചത്.പോലിസുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

പന്നിയങ്കര ടോള്‍ പ്ലാസയില്‍ കൂട്ടിയ നിരക്കിനെതിരെ നേരത്തേ ടോറസ് ലോറി ഉടമകള്‍ സമരം നടത്തിയിരുന്നു. ടോളില്‍ ഇളവ് ആവശ്യപ്പെട്ട് മൂന്ന് ദിവസമായി നടത്തിവന്ന സമരം റവന്യൂ മന്ത്രി കെ രാജനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പിന്‍വലിച്ചത്. പാലക്കാട്, തൃശൂര്‍, എറണാകുളം ജില്ലകളിലെ ടോറസ് ഉടമകളായിരുന്നു സമരം നടത്തിയവര്‍.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭാരം കൂടിയ വാഹനങ്ങള്‍ അടക്കമുള്ളവയ്ക്ക് 430 രൂപയാണ് ഒരുഭാഗത്തേക്ക് നല്‍കേണ്ടത്. ഇരുഭാഗത്തേക്കും പോകണമെങ്കില്‍ 645 രൂപ വേണം. ഒരു മാസത്തെ പാസിന് 14,315 രൂപയാണ് നല്‍കേണ്ടത്. വാന്‍, കാര്‍, ജീപ്പ്, ചെറിയ വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് 90 രൂപ വേണം. ഇരുഭാഗത്തേക്കുമാണെങ്കില്‍ 135 രൂപയും നല്‍കണം. മിനി ബസ്, ചെറിയ ചരക്ക് വാഹനങ്ങള്‍ എന്നിവയ്ക്ക് 140 രൂപയും ഇരുവശത്തേക്കും 210 രൂപയുമാണ്. ബസ്, ട്രക്ക് എന്നിവയ്ക്ക് ഒരു തവണ പോകാന്‍ 280 രൂപയും ഇരുഭാഗത്തേക്കും 425 രൂപയും ഒരു മാസത്തെ പാസ് 9400 രൂപയുമാണ്.

വന്‍ തുക ടോള്‍ വാങ്ങുന്നതില്‍ പ്രദേശവാസികളടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഒരു തവണ ഇരുഭാഗത്തേക്കുമായി പോകുന്നതിന് 645 രൂപയാണ് വലിയ വാഹനങ്ങളില്‍ നിന്ന് ഈടാക്കുന്നത്. പ്രദേശവാസികള്‍ക്ക് നല്‍കിയിരുന്ന സൗജന്യം അവസാനിപ്പിച്ചതോടെ നാട്ടുകാര്‍ ടോള്‍ പിരിവ് തടഞ്ഞിരുന്നു.പ്രതിഷേധങ്ങള്‍ക്കൊടുവില്‍ തല്‍സ്ഥിതി തുടരാമെന്ന് കമ്പനി സമ്മതിക്കുകയായിരുന്നു.

Tags: