എറണാകുളം ജില്ലയില്‍ ഇന്ന് സ്വകാര്യബസ് പണിമുടക്ക്

Update: 2022-11-16 04:39 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് സ്വകാര്യബസ് പണിമുടക്ക് നടത്തും. ബസ് ഉടമ- തൊഴിലാളി സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് സൂചനാ പണിമുടക്ക് നടത്തുന്നത്. ഹൈക്കോടതി നിര്‍ദേശം മുതലെടുത്ത് പോലിസും മോട്ടോര്‍ വാഹനവകുപ്പും ചേര്‍ന്ന് ബസ്സുടമകളെയും ജീവനക്കാരെയും അന്യായമായി പീഡിപ്പിക്കുന്നെന്നാരോപിച്ചാണ് സമരം. ഒരേ ദിവസം തന്നെ ഒരു ബസ്സിനെതിരേ പല സ്ഥലങ്ങളിലും കേസ് രജിസ്റ്റര്‍ ചെയ്യുകയും ബസ് പിടിച്ചെടുക്കുകയും ചെയ്യുന്നുവെന്നാണ് പരാതി. പ്രശ്‌നപരിഹാരത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെടണമെന്നാണ് ആവശ്യം.

തൊഴിലാളികളെ പോലിസ് ഉദ്യോഗസ്ഥര്‍ ദേഹോപദ്രവം ഏല്‍പ്പിക്കുന്നുവെന്നും നടപടിയുണ്ടായില്ലെങ്കില്‍ നവംബര്‍ 30 മുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് ബസ് ഉടമകളുടെ തീരുമാനം. സ്വകാര്യ ബസ് പണിമുടക്കുന്ന സാഹചര്യം പരിഗണിച്ച് കെഎസ്ആര്‍ടിസി ഇന്ന് അധിക സര്‍വീസുകള്‍ നടത്തും. ആവശ്യമുള്ള റൂട്ടുകളില്‍ കൂടുതല്‍ സര്‍വീസ് ഒരുക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. അതേസമയം, ഇന്നത്തെ സൂചനാപണിമുടക്കില്‍ എറണാകുളം ഡിസ്ട്രിക്ട് പ്രൈവറ്റ് ബസ് വര്‍ക്കേഴ്‌സ് യൂനിയന്‍ (സിഐടിയു) പങ്കെടുക്കില്ലെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

Tags: