മാള: ബസ് യാത്രക്ക് ചലോ കാര്‍ഡുമായി സ്വകാര്യ ബസ് ഉടമകള്‍

Update: 2022-05-23 14:01 GMT

മാള: സ്വകാര്യ ബസില്‍ ബാക്കി വാങ്ങുന്നതിനും ചില്ലറക്കുമായുള്ള തര്‍ക്കം ഇനി വേണ്ട. ഇതിനായി ചലോ കാര്‍ഡ് ഉപയോഗിച്ച് യാത്രചെയ്യാന്‍ അവസരമൊരുക്കുകയാണ് സ്വകാര്യ ബസ്സുടമകള്‍. മുന്‍കൂട്ടി പണമടച്ച ചലോ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യുമ്പോള്‍ നിരക്കില്‍ ഇളവും നല്‍കുന്നുണ്ട്.

മാള, ചാലക്കുടി മേഖലയില്‍ നാല്‍പ്പതോളം ബസുകളിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് മാള ചാലക്കുടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ചീനിക്കാസ് ബസില്‍ യാത്രാനിരക്കില്‍ പത്ത് ശതമാനം ഇളവാണ് നല്‍കുന്നത്. യാത്രക്കാര്‍ ചലോ കാര്‍ഡ് കണ്ടക്ടറെ കാണിച്ചാല്‍ മതി. അതിലെ നമ്പര്‍ യന്ത്രത്തില്‍ അടിച്ചാല്‍ ടിക്കറ്റ് ലഭിക്കും. അതില്‍ നിരക്കും ഇളവും കാര്‍ഡിലെ ബാക്കി തുകയും രേഖപ്പെടുത്തിയിട്ടുണ്ടാകും.

ചലോയുടെ പ്രത്യേകത ആദ്യം 30 രൂപ ഈടാക്കി നല്‍കുന്ന കാര്‍ഡിലേക്ക് ആവശ്യമായ തുക അടക്കാം. 50 രൂപ മുതല്‍ എത്ര വേണമെങ്കിലും തിരഞ്ഞടുക്കാം. കാലാവധിയില്ല. ചലോ യന്ത്രസംവിധാനമുള്ള സംസ്ഥാനത്തെ ഏത് ബസിലും ഈ കാര്‍ഡ് ഉപയോഗിച്ച് യാത്രചെയ്യാം. കാര്‍ഡുടമക്ക് മാത്രമല്ല കാര്‍ഡ് കൈവശമുള്ള ആര്‍ക്കും ഉപയോഗിക്കാന്‍ കഴിയുമെന്നതും പ്രത്യേകതയാണ്. ടിക്കറ്റ് യന്ത്രത്തിന് 30,000 രൂപയോളമാണ് വില. ഇത് ദിവസവും 59 രൂപ വാടക ഈടാക്കിയാണ് ചലോ കമ്പനി ബസ്സുടമകള്‍ക്ക് നല്‍കുന്നത്.

മുംബൈ ആസ്ഥാനമായ കമ്പനിയുടെ കൊച്ചി ശാഖയില്‍ നിന്നാണ് ഈ സംവിധാനം ഒരുക്കുന്നത്. ചലോ കാര്‍ഡിന് വേണ്ടത് കാര്‍ഡുടമയുടെ ആധാര്‍ കാര്‍ഡും മൊബൈല്‍ നമ്പറും പേരും 30 രൂപയും മാത്രമാണ്. കാര്‍ഡിന്റെ നിരക്ക് ഒറ്റത്തവണ മാത്രമാണ് ഈടാക്കുന്നത്. അക്കൗണ്ടിലെ പണം കഴിഞ്ഞാല്‍ കണ്ടക്ടര്‍ ചാര്‍ജ്ജ് ചെയ്തു നല്‍കും. സ്ഥിരം യാത്രക്കാര്‍ക്കായി ഡിസ്‌കൗണ്ട് പാസും നല്‍കുന്നുണ്ട്. 28 ദിവസത്തേക്കാണിത്. യാത്രക്കാര്‍ കാര്‍ഡ് ചാര്‍ജ്ജ് ചെയ്യുന്ന പണം ചാലോയുടെ അക്കൗണ്ടിലേക്ക് പോകും. ദിവസവും യാത്രക്കാരില്‍ നിന്ന് ലഭിക്കുന്ന തുക സംബന്ധിച്ച വിവരങ്ങള്‍ ബസ്സുടമക്ക് ലഭ്യമാകും. ആഴ്ചയില്‍ ഒരിക്കല്‍ ഈ തുക ഉടമയുടെ അക്കൗണ്ടിലേക്ക് ചലോ കൈമാറും. 

Similar News