ഇന്ത്യയിലെ തടവറകള്‍ നിറഞ്ഞുകവിയുന്നു: 2010നു ശേഷം ഏറ്റവും ഉയര്‍ന്ന തോതില്‍

Update: 2020-09-07 02:11 GMT

ന്യൂഡല്‍ഹി: ഇന്ത്യയിലെ തടവറകള്‍ അവയ്ക്ക് ഉള്‍ക്കൊള്ളാനാവുന്നതിനേക്കാള്‍ അധികം തടവുകാരെ പാര്‍പ്പിച്ച് നിറഞ്ഞ് കവിയുകയാണെന്ന് റിപോര്‍ട്ട്. ദേശീയ ക്രൈം റെക്കോഡ് ബ്യൂറോ പുറത്തുവിട്ട റിപോര്‍ട്ടിലാണ് ഈ വിവരമുള്ളത്. രാജ്യത്തെ തടവറയില്‍ അവയ്ക്ക് കഴിയുന്നതിന്റെ 118.5 ശതമാനം പേരാണ് ഇപ്പോഴുള്ളത്. 2010നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്.

2019 ഡിസംബര്‍ 31ലെ കണക്കനുസരിച്ച് ഇന്ത്യയിലെ വിവിധ ജയിലുകളിലായി 4,78,600 പേര്‍ കഴിയുന്നുണ്ട്. ഇവയില്‍ പാര്‍പ്പിക്കാവുന്നവരുടെ ആകെ എണ്ണം 4,03,700 ആണ്. പത്ത് വര്‍ഷത്തിനിടയിലുള്ളതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്.

2010ല്‍ നിന്ന് 2019ലെത്തുമ്പോള്‍ തടവുകാരെ തിക്കിപ്പാര്‍പ്പിക്കുന്ന ജയിലുകളുള്ള സംസ്ഥാനങ്ങളുടെ എണ്ണം 18ല്‍ നിന്ന് 21 ആയി. ഇക്കാര്യത്തില്‍ ഡല്‍ഹിയിലാണ് ഏറ്റവും മോശം അവസ്ഥയുള്ളത്. 10,000 പേരെ താമസിപ്പിക്കാവുന്ന ഡല്‍ഹിയില്‍ 17,500 തടവുകാരാണ് ഉള്ളത്. അതായത് 175 ശതമാനം. അടുത്ത സ്ഥാനം ഉത്തര്‍പ്രദേശിനാണ്, 168ശതമാനം. മൂന്നാം സ്ഥാനം 159ശതമാനം പേരെ പാര്‍പ്പിച്ചിട്ടുള്ള ഉത്തരാഖണ്ഡിനാണ്. കേരളത്തില്‍ ഇത് 109.6ശതമാനമാണ്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത് വലിയ പ്രശ്‌നമായാണ് കരുതുന്നത്. രാജ്യത്തെ തടവുകാരില്‍ ഒന്നില്‍ എട്ടു പേരും 50 വയസ്സിനു മുകളിലുള്ളവരാണ്. കൊവിഡ് രോഗബാധ ഏറ്റവും ഗുരുതരമായി ബാധിക്കുന്നതും ഈ വയസ്സിലുള്ളവരെയാണ്. ഇത്തരം ജയിലുകളില്‍ സാമൂഹിക അകലം പാലിക്കല്‍ എളുപ്പമല്ല. അതുകൊണ്ടുതന്നെയാണ് ഇവിടെ കൊവിഡ് രോഗബാധ എളുപ്പം പടര്‍ന്നുപിടിക്കുന്നതെന്നും വിദഗ്ധര്‍ പറയുന്നു. പല ജയിലുകളിലും കിടക്കുന്ന പായ പങ്കുവയ്‌ക്കേണ്ട സ്ഥിതിയാണെന്ന്

വിധി സെന്റര്‍ ഫോര്‍ ലീഗല്‍ പോളിസിയുടെ നേഹ സിങ്കാല്‍ പറയുന്നു.

വിചാരണത്തടവുകാരാണ് ഇന്ത്യന്‍ ജയിലുകളില്‍ ഏറ്റവും കൂടുതലുള്ളത്. ഇന്ത്യന്‍ തടവറകളില്‍ 2019 ല്‍ 69.1 ശതമാനവും വിചാരണത്തടവുകാരായിരുന്നു. 2018 ല്‍ 69.4ശതമാനം, 2017ല്‍ 68.5 ശതമാനം, 2016 ല്‍ 67.7 ശതമാനം എന്നിങ്ങനെയാണ് മറ്റ് വര്‍ഷങ്ങളിലെ കണക്കുകള്‍.