ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയം

Update: 2026-04-11 06:01 GMT

ബെംഗളൂരു: ബല്ലാരി സെന്‍ട്രല്‍ ജയിലില്‍ ഏഴുവര്‍ഷമായി ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന യുവാവിന് കര്‍ണാടക പ്രീ യൂണിവേഴ്സിറ്റി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കോടെ വിജയം. കര്‍ണാടക സ്വദേശിയായ എസ് അശോക് കുമാറാണ് 80.1 ശതമാനം മാര്‍ക്ക് കരസ്തമാക്കിയത്. ചരിത്രവും സാമ്പത്തികശാസ്ത്രവും സോഷ്യോളജിയും പൊളിറ്റിക്കല്‍ സയന്‍സും ഇംഗ്ലീഷും കന്നഡയുമാണ് അശോക് കുമാര്‍ പിയുസി പഠനത്തിന് വിഷയങ്ങളായി തിരഞ്ഞെടുത്തത്. ചരിത്രത്തിന് 94, സാമ്പത്തികശാസ്ത്രത്തിന് 84, കന്നഡയ്ക്ക് 82, സോഷ്യോളജിക്ക് 77, പൊളിറ്റിക്കല്‍ സയന്‍സിന് 75, ഇംഗ്ലീഷിന് 69 എന്നിങ്ങനെ 600ല്‍ 481 മാര്‍ക്ക് വാങ്ങിയാണ് വിജയിച്ചത്. അശോക് കുമാറിന് പഠിക്കാനായി ജയിലില്‍ പ്രത്യേക സെല്‍ അനുവദിച്ചിരുന്നു. പഠനത്തിന് സഹായിക്കാന്‍ ജയില്‍ ലൈബ്രറിയും ഉപയോഗിച്ചു. ജയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് പരീക്ഷാ കേന്ദ്രത്തിലെത്തി പരീക്ഷയെഴുതിയത്.

തടവിനിടയിലും പരീക്ഷയില്‍ മികച്ച വിജയം നേടിയ യുവാവിനെ ജയില്‍ ഡിജിപി അലോക് കുമാര്‍ അഭിനന്ദിച്ചു. ജയില്‍ മതിലുകള്‍ ഈ യുവാവിന്റെ പ്രതീക്ഷയെയും ഭാവിയെയും കീഴ്പെടുത്തിയില്ലെന്ന് കാണുന്നത് സന്തോഷകരമാണെന്ന് അലോക് കുമാര്‍ എക്‌സില്‍ കുറിച്ചു.

Tags: