കാപ്പ ചുമത്താനുള്ള അവകാശം പോലിസിന് നല്‍കണമെന്ന് ജയില്‍ പരിഷ്‌കരണ സമിതി

Update: 2020-10-23 02:46 GMT

തിരുവനന്തപുരം: കുറ്റവാളികള്‍ക്കെതിരേ സമൂഹവിരുദ്ധനിയമം(കാപ്പ) ചുമത്തുന്നതിനുള്ള അധികാരം പോലിസിന് നല്‍കണമെന്ന് പോലിസ്, ജയില്‍ പരിഷ്‌കരണസമിതി. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ സമതിയുടേതാണ് ശുപാര്‍ശ. കളക്ടര്‍മാരുടെ ജോലിഭാരം കൂടിയ സാഹചര്യത്തില്‍ കാപ്പ ചുമത്തുന്നതിനുളള നടപടിക്രമം വൈകുന്നതാണ് ചൂണ്ടിക്കാട്ടിയ കാരണം. ഡി.ഐ.ജി. മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്ക് ഈ നിയമം ചുമത്തുന്നതിനുള്ള അധികാരം നല്‍കണമെന്ന് സമിതി പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു.

കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ മഹാരാഷ്ട്രയിലുള്ളതുപോലെ സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം നിര്‍മിക്കണമെന്നും കടുത്ത അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നും ശുപാര്‍ശയിലുണ്ട്. മുന്‍ ജയില്‍മേധാവി ഡോ. അലക്‌സാണ്ടര്‍ ജേക്കബ്, സൈബര്‍ സുരക്ഷാവിദഗ്ധന്‍ ഡോ. പി. വിനോദ് ഭട്ടതിരിപ്പാട് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

കെട്ടിക്കിടക്കുന്ന കേസുകള്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക സംവിധാനമൊരുക്കുക, ക്രമസമാധാനപാലനവും അന്വേഷണവും രണ്ടു വിഭാഗമാക്കുക, വസ്തുതര്‍ക്കം, കുടുംബതര്‍ക്കം തുടങ്ങിയ ചെറിയതര്‍ക്കങ്ങള്‍ സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിട്ടിയുമായി ചേര്‍ന്ന് പരിഹരിക്കാനുള്ള ശ്രമം നടത്തുക, തടവുകാരെ നേരിട്ട് കോടതിയില്‍ ഹാജരാക്കുന്നതിന് പകരം വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം ഉപയോഗിക്കുക, കുറ്റകൃത്യങ്ങള്‍ തടയുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ വിവരശേഖരണവും ബോധവത്കരണവും നടത്തുക, കേസ് ഡയറികള്‍ പൂര്‍ണമായും ഡിജിറ്റലാക്കുക- തുടങ്ങിയവയാണ് മറ്റ് നിര്‍ദേശങ്ങള്‍.

സാമ്പത്തികതട്ടിപ്പുകള്‍ തടയുന്നതിനായി കേരള പോലിസില്‍ ഒരു സാമ്പത്തിക നിരീക്ഷണവിഭാഗം രൂപവത്കരിക്കുക, നിക്ഷേപങ്ങള്‍ സ്വീകരിക്കുന്ന സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ളവ നിയമാനുസൃതമാണോ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കുക, പോലിസ് നിയമത്തിന്റെ ചട്ടങ്ങള്‍ എത്രയും വേഗം പ്രസിദ്ധപ്പെടുത്തുക, കേസന്വേഷണങ്ങള്‍ക്ക് സൈബര്‍ തെളിവുകള്‍, സൈബര്‍ പരിശോധനകള്‍ തുടങ്ങിയവ ശക്തമാക്കുക, ജയിലുകളില്‍ ചികിത്സാസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, ജയിലുകളില്‍ കൃഷി, ഭക്ഷണനിര്‍മാണം എന്നിവയുടെ ഉത്പാദനം വര്‍ധിപ്പിക്കുക- തുടങ്ങിയ നിര്‍ദേശങ്ങളും റിപോര്‍ട്ടിലുണ്ട്.

Tags: