അച്ചടി മാധ്യമങ്ങള്‍ വന്‍ വെല്ലുവിളി നേരിടുന്നതായി ഒ അബ്ദുര്‍ റഹ്മാന്‍

സര്‍ക്കാരുകള്‍ക്കെതിരേ എഴുതിയാല്‍ യുഎപിഎ ചുമത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനെതിരേ പ്രതികരിക്കാന്‍ ജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പുകളിലൂടെ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Update: 2019-03-09 09:35 GMT

കുവൈത്ത് സിറ്റി: അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ അസ്വതന്ത്രരാണെന്നും വര്‍ത്തമാന കാലത്ത് അച്ചടി മാധ്യമങ്ങള്‍ കനത്ത വെല്ലുവിളി നേരിടുകയാണെന്നും മാധ്യമം, മീഡിയ വണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഓ അബ്ദുര്‍റഹ്മാന്‍. കുവൈത്തില്‍ മലയാളി മീഡിയ ഫോറം സംഘടിപ്പിച്ച വര്‍ത്തമാനകാല മാധ്യമ പ്രവര്‍ത്തനം എന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.അച്ചടി മാധ്യമങ്ങള്‍ ഇന്ന് വലിയ വെല്ലുവിളികളാണ് നേരിടുന്നത്. പത്രം നിലനില്‍ക്കണമെങ്കില്‍ പരസ്യങ്ങള്‍ ആവശ്യമാണ്. ജിഎസ്ടിയും നോട്ടു നിരോധനവും മൂലം അത് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.

സര്‍ക്കാരുകള്‍ക്കെതിരേ എഴുതിയാല്‍ യുഎപിഎ ചുമത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനെതിരേ പ്രതികരിക്കാന്‍ ജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പുകളിലൂടെ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ തലമുറ പത്രങ്ങള്‍ വായിക്കുന്നില്ല എന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ന്യൂസ് ചാനലുകള്‍ മത്സരത്തിനായി എരിവും പുളിയും ചേര്‍ത്ത് വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്. അന്തിചര്‍ച്ചകള്‍ വിഡ്ഢിത്തരങ്ങളുടെയും കോമാളിത്തരങ്ങളുടെയും ഇടമായി മാറിയതുകൊണ്ട് അത് കാണാന്‍ ആളില്ലാത്ത അവസ്ഥയാണ്. കാര്യങ്ങള്‍ വസ്തുനിഷ്ടമായി പഠിച്ച് അവതരിപ്പിക്കുന്ന രീതി ഇന്ന് ഇല്ലാതായിരിക്കുകയാണെന്നും സ്ഥിരമായി അന്തിചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ മാത്രമേ ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ വരുന്നുള്ളൂ. പുതിയ ആളുകളെ ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ വരാന്‍ വിമുഖത് കാട്ടുന്നത് മൂലമാണ് സ്ഥിരമായി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവരെ മാത്രം ഇതില്‍ ഉള്‍പ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമ രംഗത്തിന്റെ വഴിത്തിരിവാണ് സോഷ്യല്‍ മീഡിയകളെന്നും നന്മകളെയും മാനുഷികതയെയും പരിപോഷിപ്പിക്കാന്‍ അതുവഴി സാധിക്കുമെന്നും അതിനുള്ള തെളിവാണ് പ്രളയ കാലത്ത് യുവജനങ്ങള്‍ നടത്തിയ സ്തുത്യര്‍ഹ സേവനങ്ങളെന്നും സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടത്തെ കണ്ടില്ല എന്ന് നടിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സജീവ് കെ പീറ്റര്‍ അധ്യക്ഷത വഹിച്ചു. നിക്‌സണ്‍ ജോര്‍ജ്ജ്, ജലിന്‍ തൃപ്രയാര്‍, സത്താര്‍ കുന്നില്‍ പ്രോഗ്രാം, കുവൈറ്റിലെ സാമൂഹിക, സാംസ്‌കാരിക, മാധ്യമ മേഖലകളിലെ നിരവധി പേര്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിച്ചു.

Tags:    

Similar News