പ്രതിപക്ഷത്തിനെതിരായ പ്രധാനമന്ത്രിയുടെ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കി; അപൂര്‍വ നടപടി

ദേശിയ ജനസംഖ്യ രജിസ്റ്റര്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ചിലതാണ് നീക്കം ചെയ്തത്.

Update: 2020-02-07 17:51 GMT

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിനെതിരായ പ്രധാനമന്ത്രിയുടെ രാജ്യസഭയിലെ പരാമര്‍ശം നീക്കി. ദേശിയ ജനസംഖ്യ രജിസ്റ്റര്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ചിലതാണ് നീക്കം ചെയ്തത്. വ്യാഴാഴ്ച പ്രതിപക്ഷത്തെ വിമര്‍ശിക്കുന്നതിനിടയില്‍ നടത്തിയ പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങളാണ് നീക്കം ചെയ്തത്.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി പറയുന്നതിന് ഇടയില്‍ പ്രതിപക്ഷത്തിനെതിരേ നടത്തിയ പരാമര്‍ശങ്ങളില്‍, വ്യാഴാഴ്ച വൈകീട്ട് 6.20 മുതല്‍ 6.30 വരെ നടത്തിയ പരാമര്‍ശങ്ങളാണ് നീക്കം ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ സഭയിലെ പരാമര്‍ശങ്ങള്‍ രാജ്യസഭാ രേഖകളില്‍ നിന്ന് നീക്കുന്നത് അപൂര്‍വ നടപടിയാണ്. സഭക്ക് അനുചിതമായി നടത്തുന്ന പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുന്നത് വെങ്കയ്യ നായിഡുവിന്റെ പതിവ് രീതിയാണെങ്കിലും, പ്രധാനമന്ത്രിയുടെ പരാമര്‍ശം നീക്കം ചെയ്യുന്നത് വിരളമാണ്.

കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ പരാമര്‍ശവും ഇതോടൊപ്പം നീക്കം ചെയ്തിട്ടുണ്ട്. 2018ലും പ്രധാനമന്ത്രിയുടെ ഒരു പരാമര്‍ശം സമാനരീതിയില്‍ നീക്കിയിരുന്നു. 2013ല്‍ അരുണ്‍ ജയറ്റ്‌ലിക്കെതിരായ മന്‍മോഹന്‍ സിങ്ങിന്റെ പരാമര്‍ശവും സഭാ രേഖകളില്‍ നിന്ന് നീക്കിയിരുന്നു.


Tags:    

Similar News