കൊവിഡ് വ്യാപനത്തിന് ഏക കാരണം പ്രധാനമന്ത്രി; മോദിക്കെതിരേ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനത്തിന് ഏക കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കോണ്‍ഗ്രസ് കേന്ദ്ര വര്‍ക്കിങ് കമ്മിറ്റി. തിങ്കളാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന യോഗമാണ് പ്രധാനമന്ത്രിക്കെതിരേ നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത്. പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും ജാഗ്രതയും ഉത്തരവാദിത്തവുമില്ലാതെ പ്രവര്‍ത്തിച്ചുവെന്നും വര്‍ക്കിങ് കമ്മിറ്റി പാസ്സാക്കിയ പ്രമേയത്തില്‍ പറയുന്നു.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനം വിലയിരുത്തുന്നതിനുചേര്‍ന്ന യോഗം രാജ്യത്തെ കൊവിഡ് വ്യാപനത്തെക്കുറിച്ചും ചര്‍ച്ച നടത്തിയിരുന്നു. കൊവിഡ് രണ്ടാം വ്യാപനം വലിയ ദുരന്തമാണെന്നും സ്ഥിതി വഷളായത് മോദി സര്‍ക്കാരിന്റെ ജാഗ്രതയില്ലായ്മയുടെയും കഴിവില്ലായ്മയുടെയും ഭാഗമാണെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
''ഇപ്പോഴത്തെ കൊവിഡ് വ്യാപനം കേന്ദ്ര സര്‍ക്കാരിന്റെ ചെയ്തികളുടെ ഭാഗമാണ്. കേന്ദ്ര സര്‍ക്കാര്‍ ശാസ്ത്രീയ നിര്‍ദേശങ്ങള്‍ പരിഗണിച്ചില്ല. പകരം ഒന്നാം തരംഗത്തോടെ കൊവിഡ് ഇല്ലാതായെന്ന് പ്രചരിപ്പിച്ചു. ശാസ്ത്രജ്ഞര്‍ നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചതും അവസരത്തിനൊപ്പം ഉയരാന്‍ കഴിയാത്തതും പാര്‍ലമെന്ററി കമ്മിറ്റിയുടെ ഉപദേശങ്ങള്‍ സ്വീകരിക്കാത്തതും പ്രശ്‌നം സൃഷ്ടിച്ചു.'' യോഗത്തില്‍ പറയുന്നു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.