പ്രധാനമന്ത്രി ഇന്ന് മണിപ്പൂരില്‍; വംശീയകലാപം തുടങ്ങിയിട്ട് രണ്ടുവര്‍ഷത്തിനു ശേഷമാണ് മണിപ്പൂരിലെത്തുന്നത്
ഇംഫാല്‍: മണിപ്പൂരില്‍ വംശീയകലാപം പൊട്ടിപ്പുറപ്പെട്ടിട്ട് രണ്ടുവര്‍ഷമായി. അതിനു ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മണിപ്പുരിലെത്തും. 2023 മെയിലാണ് മണിപ്പൂരില്‍ വംശീയകലാപം തുടങ്ങിയത്. ശനിയാഴ്ച ഉച്ചയ്‌ക്കെത്തുന്ന പ്രധാനമന്ത്രി ഇംഫാലിലും ചുരാചന്ദ്പൂരിലുമായി നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുത്ത് അസമിലേക്ക് തിരിക്കും. മിസോറം തലസ്ഥാനമായ ഐസ്വാളില്‍നിന്ന് കുക്കി ഭൂരിപക്ഷമേഖലയായ ചുരാചന്ദ്പുരിലേക്കാണ് മോദി ആദ്യമെത്തുക.
കുക്കി സോ കൗണ്‍സില്‍ കഴിഞ്ഞ ദിവസം മോദിയുടെ സന്ദര്‍ശനത്തെ സ്വാഗതംചെയ്തിരുന്നു. എന്നാല്‍, കലാപത്തില്‍ കൊല്ലപ്പെട്ട കുക്കി വിഭാഗക്കാരുടെ സ്മരണയ്ക്കായി തയ്യാറാക്കിയ 'ഓര്‍മ്മമതില്‍' മറച്ചുവെച്ച് അലങ്കരിച്ചത് പ്രശ്‌നത്തിന് കാരണമായിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കുക്കി ഗോത്രവിഭാഗം സ്വാഗതം ചെയ്‌തെങ്കിലും മെയ്ത്തി വിഭാഗം സന്ദര്‍ശനത്തില്‍ തൃപ്തരല്ല. ആറ് സംഘടനകളുള്‍പ്പെട്ട കോര്‍കോം കമ്മിറ്റി പ്രധാനമന്ത്രിയെത്തുന്നതിനാല്‍ ശനിയാഴ്ച സമ്പൂര്‍ണ അടച്ചിടല്‍സമരം പ്രഖ്യാപിച്ചിട്ടുണ്ട്.